സൈനയ്ക്കു സമ്മാനമായി ‘ക്രേറ്റ’ വാർഷിക പതിപ്പ്

കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ബാഡ്മിറ്റൻ താരം സൈന നെഹ്വാളിനു സമ്മാനിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻഷിപ്പിൽ സൈന(26) നേടിയ വിജയം കൂടി ആഘോഷിക്കാനാണു ‘ക്രേറ്റ’ സമ്മാനിച്ചതെന്നു കമ്പനി വിശദീകരിച്ചു. വനിതാ ബാഡ്മിന്റനിൽ ഇന്ത്യ കണ്ട മികച്ച താരമായ സൈന നെഹ്വാൾ അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേൽ രത്ന, പത്മശ്രീ, പത്മഭൂഷൺ ബഹുമതികളും നേടിയിട്ടുണ്ട്. 2012ലെ ലണ്ടൻ ഒളിംപിക്സിൽ സൈന വെങ്കല മെഡലും സ്വന്തമാക്കി.

ഇന്ത്യൻ ബാഡ്മിന്റന്റെ പ്രതീകമാണു സൈനയെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ആഗോളതലത്തിൽ തന്നെ ബാഡ്മിന്റൻ പ്രേമികളുടെ ആരാധനാപാത്രമായി മാറാൻ നെഹ്വാളിനു കഴിഞ്ഞിട്ടുണ്ട്. അതേസമയം 2016ലെ ‘ഇന്ത്യൻ കാർ ഓഫ് ദ് ഇയർ’ ബഹുമതി കരസ്ഥമാക്കിയ ‘ക്രേറ്റ’യും എസ് യു വി വിഭാഗത്തിലെ പ്രതീകമാണ്. മികച്ച പ്രകടനക്ഷമതയും രൂപകൽപ്പനയും ദൃഢമായ ബോഡി ഘടനയുമൊക്കെയുള്ള ‘ക്രേറ്റ’ ആഗോളതലത്തിൽ തന്നെ ഇടപാടുകാർക്കിടയിൽ സ്വീകാര്യത കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ക്രേറ്റ’യുടെ ഒന്നാം വാർഷിക പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടേയ് ആദരിച്ചത് അത്ഭുതകരമായ അനുഭവമാണെന്നായിരുന്നു സൈന നെഹ്വാളിന്റെ പ്രതികരണം. കളിക്കളത്തിലെ കഠിനാധ്വാനത്തിന് അംഗീകരിക്കപ്പെടുക എന്നത് ഏതൊരു കായിക താരത്തിനും പ്രചോദനം പകരുന്ന കാര്യമാണെന്നും സൈന അഭിപ്രായപ്പെട്ടു. ഭാവി ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കാൻ തീവ്രശ്രമം നടത്തുമെന്നും സൈന വ്യക്തമാക്കി.  അടുത്ത നാലു വർഷക്കാലം ക്രിക്കറ്റുമായി സഹകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡി(ബി സി സി ഐ)ന്റെ ഔദ്യോഗിക പങ്കാളിയാവാൻ ഹ്യുണ്ടേയ് തീരുമാനിച്ചിരുന്നു. ടെസ്റ്റിനു പുറമെ വൺഡേ, ട്വന്റി 20 മത്സരങ്ങളിലും ഹ്യുണ്ടേയ് — ബി സി സി ഐ പങ്കാളിത്തം പ്രാബല്യത്തിലുണ്ടാവും.