ക്രേറ്റയ്ക്കായി ഇനി ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട

നിരത്തിലെത്തിയതു മുതൽ ചൂടപ്പം പോലെ വിറ്റഴിയുന്ന കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ‘ക്രേറ്റ’. 2015 ജൂലൈയിൽ വിൽപ്പനയ്ക്കെത്തിയ ‘ക്രേറ്റ’ ഇപ്പോൾ ഇന്ത്യയിൽ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ആവേശകരമായ സ്വീകരണം ലഭിച്ചതോടെ ഒരു ലക്ഷത്തോളം ബുക്കിങ്ങുകളാണ് ഇന്ത്യയിലും വിദേശത്തുമായി ‘ക്രേറ്റ’ വാരിക്കൂട്ടിയത്. ഇതിൽ 68,000 യൂണിറ്റോളമാണ് ഹ്യുണ്ടേയ് മാർച്ച് അവസാനം വരെ നിർമിച്ചു നൽകിയത്. ‘ക്രേറ്റ’യുടെ പ്രതിമാസ ശരാശരി വിൽപ്പന 8,000 യൂണിറ്റിലെത്തിയിട്ടുണ്ട്.

എസ് യു വിക്കുള്ള ആവശ്യം കുത്തനെ ഉയർന്നതോടെ പുതിയ ‘ക്രേറ്റ’യ്ക്കായി ശരാശരി രണ്ടര മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യം പരിഗണിച്ച് വൈകാതെ ‘ക്രേറ്റ’യുടെ പ്രതിമാസ ഉൽപ്പാദനം 20% വർധിപ്പിച്ച് 12,000 യൂണിറ്റായി ഉയർത്താനാണു ഹ്യുണ്ടേയിയുടെ തീരുമാനം. ഇതിൽ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. നിലവിൽ മാസം തോറും നിർമിക്കുന്ന 10,000 ‘ക്രേറ്റ’യിൽ 8,000 എണ്ണമാണ് ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നത്. കൊളംബിയ, കോസ്റ്ററിക്ക, പെറു, പാനമ, ഒമാൻ, യു എ ഇ, സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, നൈജീരിയ തുടങ്ങി എഴുപത്തി ഏഴോളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് ഇന്ത്യയിൽ നിർമിച്ച ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നത്. വിൽപ്പനക്കണക്കിൽ ആധിപത്യത്തിനു ശ്രമിക്കാതെ ആധുനിക പ്രീമിയം ബ്രാൻഡ് എന്ന നിലയിലേക്കുള്ള പരിവർത്തനവും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് ഹ്യുണ്ടേയ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ വെളിപ്പെടുത്തി. നിലവിൽ ഏഴു ലക്ഷം രൂപയാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ ശരാശരി വില. ഈ നിലവാരം വിട്ട് വില കുറഞ്ഞ കാറുകളോടു മത്സരിക്കാനില്ലെന്നും കൂ വ്യക്തമാക്കി. മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ‘ഇയോൺ’ മോഡൽ ശ്രേണിയിലുണ്ടെങ്കിലും ഇത്തരം പോരാട്ടമല്ല കമ്പനിയുടെ വിപണന തന്ത്രമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

രണ്ടര ലക്ഷം രൂപ വിലയ്ക്കു ലഭിക്കുന്ന കാറുകളോടു മത്സരിക്കാൻ ഹ്യുണ്ടേയ് ഇല്ല; അത്തരം മത്സരം സാധ്യവുമല്ലെന്നു കൂ കരുതുന്നു. ബ്രാൻഡിന്റെ പ്രതിച്ഛായ സംരക്ഷിക്കുക എന്നതു സുപ്രധാനമാണ്. വാഹനങ്ങളുടെ ശരാശരി വില ഏഴു ലക്ഷത്തോളം രൂപയാണെന്നതു ഹ്യുണ്ടേയ് ആധുനിക പ്രീമിയം ബ്രാൻഡ് ആണെന്നതിനു തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പു സാമ്പത്തിക വർഷത്തെ വാഹന വിൽപ്പനയിൽ ആറു മുതൽ എട്ടു ശതമാനം വരെ വളർച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം 2015 — 16 വിൽപ്പന മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 16% അധികമായിരുന്നു.