വിൽപ്പനയിൽ നാൽ‌പ്പത് ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തുമ്പോൾ ഹ്യുണ്ടേയ് എന്നത് വെറുമൊരു പേരുമാത്രമായിരുന്നു നമ്മൾ ഇന്ത്യക്കാർക്ക്. പത്തൊമ്പത് വർഷം കൊണ്ട് ആ പേര് ഇന്ത്യയുടെ വാഹന ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറി. ദക്ഷിണ കൊറിയയിൽ നിന്നെത്തി സാൻട്രോ എന്ന ചെറുഹാച്ചിലൂടെ ഇന്ത്യക്കാരുടെ ജനകീയ ബ്രാൻഡായി മാറിയ ഹ്യുണ്ടേയ് 19 വർഷം കൊണ്ട് ഇന്ത്യയിൽ വിറ്റത് 40 ലക്ഷം വാഹനങ്ങൾ. ഹ്യുണ്ടേയ് തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഈ കാര്യം.

ഹ്യുണ്ടേയ് ഇയോൺ

കഴിഞ്ഞ രണ്ടു ദശകംകൊണ്ട് ഇന്ത്യയിൽ ഏറ്റവും വേഗതയിൽ വളർച്ച കൈവരിക്കുന്ന കമ്പനിയാണ് ഹ്യുണ്ടേയ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളും ഹ്യുണ്ടേയ് തന്നെ. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും ഇനിയും മികച്ച സേവനങ്ങൾ ജനങ്ങൾക്ക് നൽകുമെന്നുമാണ് വിൽപ്പനയിൽ നാല് ദശലക്ഷം പിന്നിട്ടു എന്നറിയിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഹ്യുണ്ടേയ് മോട്ടോഴ്സ് ഇന്ത്യ എംഡി വൈ കെ കോ അറിയിച്ചത്.

ഹ്യുണ്ടേയ് എക്സെന്റ്

കൂടാതെ 2014 മാർച്ചിൽ പുറത്തിറക്കിയ പ്രീമിയം ഹാച്ച്‌ബാക്കായ ഹ്യുണ്ടായ് ഐ20 എലൈറ്റിന്റെ വിൽപ്പന 1.5 ലക്ഷം പിന്നിട്ടെന്നും കമ്പനി അറിയിച്ചു. ഐ 20 യുടെ രണ്ടാം തലമുറ എലൈറ്റ് ഐ 20ക്ക് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും അധികം വിൽപ്പനയുള്ള കാറുകളിലൊന്നാണ് എലൈറ്റ് ഐ20. പെട്രോൾ ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ വകഭേദത്തിന് 1.2 ലിറ്റർ കാപ്പ എഞ്ചിനും ഡീസൽ വകഭേദത്തിന് 1.4 ലിറ്റർ സിആർഡിഐ എഞ്ചിനുമാണ് ഉപയോഗിക്കുന്നത്.