സിഡ്നി ബിനാലെ: ഹ്യുണ്ടേയ് പ്രധാന പങ്കാളി

സമകാലിക കലകളുടെ ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും വലിയ പ്രദർശനവേദിയായി വാഴ്ത്തപ്പെടുന്ന സിഡ്നി ബിനാലെയുടെ പ്രധാന പങ്കാളിയാവാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ രംഗത്ത്. മാർച്ച് 18 മുതൽ ജൂൺ അഞ്ചു വരെ നീളുന്ന സിഡ്നി ബിനാലെയുടെ 20—ാം പതിപ്പിന്റെ പങ്കാളിയാവാനാണു ഹുണ്ടേയ് മോട്ടോർ എത്തുന്നത്. ‘ഭാവി എത്തിക്കഴിഞ്ഞു, എന്നാൽ വിതരണം സന്തുലിതമല്ല’ എന്നതാണ് 2016ലെ സിഡ്നി ബിനാലെയുടെ പ്രമേയം. ബിനാലെയിലെ പ്രധാന പ്രദർശനങ്ങളെയും പദ്ധതികളെയുമാണു ഹ്യുണ്ടേയ് മോട്ടോർ പിന്തുണയ്ക്കുക. ‘എംബസീസ് ഓഫ് തോട്ട്’ വിഭാഗത്തിൽ ഏഴു ശേഖരങ്ങളിലൊന്നു പ്രദർശിപ്പിക്കുന്ന പ്രധാന വേദിയും ചരിത്രപ്രാധാന്യമേറെയുള്ളതുമായ കൊക്കാറ്റൂ ഐലൻഡിലെ ഉത്സവനാളുകളുടെ പ്രായോജകരും ഹ്യുണ്ടേയ് തന്നെ.

സവിശേഷ വേദികളിൽ നിന്നും അവയുടെ ചരിത്രത്തിൽ നിന്നും പ്രചോദിതമായ പ്രദർശനപരമ്പരയാണ് എംബസി; വേൾഡ് ഹെറിറ്റേജ് വിഭാഗത്തിൽ ഇടമുള്ള ഈ ദ്വീപിൽ പ്രദർശിപ്പിക്കുന്നത് ‘എംബസ് ഓഫ് ദ് റിയൽ’ ആണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെ യഥാർഥ കാഴ്ചകൾ ആവിഷ്കരിക്കാനാണു തടവുകാരുടെ പുനഃരധിവാസ ഭൂമിയും കപ്പൽ നിർമാണകേന്ദ്രവുമായ കൊക്കാറ്റൂ ഐലൻഡിലെത്തുന്ന കലാകാരൻമാരോടുള്ള ആഹ്വാനം. കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ കലകൾക്കു കഴിയുമെന്ന് ഹ്യുണ്ടേയ് മോട്ടോർ ചീഫ് മാർക്കറ്റിങ് ഓഫിസർ വോൺ ഹോങ് ചോ അഭിപ്രായപ്പെട്ടു. കലയിലും മാനവികതയിലും പുതുവഴികൾ തേടാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി സിഡ്നി ബിനാലെയിൽ പങ്കാളിയായി രംഗത്തെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.