ഹ്യുണ്ടേയ് സ്കിൽ ഒളിംപിക്സ്: യാസിൻ ഉമർ ജേതാവ്

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) സംഘടിപ്പിച്ച ദേശീയ സ്കിൽ ഒളിംപിക്സിലെ വിജയികൾ

രാജ്യത്തെ ഡീലർഷിപ്പുകളിലെ ടെക്നീഷ്യന്മാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) സംഘടിപ്പിച്ച ദേശീയ സ്കിൽ ഒളിംപിക്സിൽ പുണെയിലെ സിങ് ഹ്യുണ്ടേയിയെ പ്രതിനിധീകരിച്ച യാസിൻ ഷെയ്ക്ക് ഉമർ ഒന്നാം സ്ഥാനം നേടി. കൊൽക്കത്ത മുകേഷ് ഹ്യുണ്ടേയിലെ പ്രദീപ് കുമാർ സാഹയ്ക്കാണു രണ്ടാം സ്ഥാനം. ന്യൂഡൽഹി സമാര ഹ്യുണ്ടേയിലെ രാംപദാർഥ് ചൗധരിക്കാണു മൂന്നാം സ്ഥാനം. ഡീലർഷിപ്പുകളിലെ ടെക്നീഷ്യൻമാരുടെ കഴിവും പ്രവർത്തന മികവും പരിശോധിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കാനുമാണു ഹ്യുണ്ടേയ് മോട്ടോർ വർഷം തോറും സ്കിൽ ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുദൂരിലെ കമ്പനിയുടെ കാർ നിർമാണശാലയാണു മത്സരവേദി.

ഉപഭോക്തൃ കേന്ദ്രീകൃതവും ശ്രദ്ധാപൂർവവും പ്രവർത്തിക്കുന്ന ബ്രാൻഡാണു ഹ്യുണ്ടേയിയെന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിൽ മികച്ച വിൽപ്പനാന്തര സേവനം സുപ്രധാനമാണ്. ആഗോളതലത്തിലെ പരിശീലനവും പഠനാവസരവും നൽകിയ സാങ്കേതിക വിദഗ്ധരെ പ്രോത്സാഹിപ്പിക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആഗോളതലത്തിൽ ഹ്യുണ്ടേയ് നിഷ്കർഷിക്കുന്ന മികച്ച നിലവാരം കൈവരിക്കാനാണു കമ്പനി നിരന്തര ശ്രമം നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സാങ്കേതിക മേഖലയിലെ പുത്തൻ വികസനങ്ങളെപ്പറ്റി അറിയാനും ക്രമാനുഗത പരിഷ്കാരത്തിനുമായി ഹ്യുണ്ടേയ് പതിവായി പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ടെക്നീഷ്യന്മാരുടെ അറിവ് പരീക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ മത്സരം കൂടി ഉറപ്പാക്കാനാണു വർഷം തോറും ദേശീയ സ്കിൽ ഒളിംപിക്സ് സംഘടിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇക്കൊല്ലം 1100 സർവീസ് വർക്ഷോപ്പുകളിൽ നിന്നായി 5,102 ടെക്നീഷ്യന്മാരാണു ദേശീയ സ്കിൽ ഒളിംപിക്സിൽ പങ്കെടുത്തത്.