ഗുജറാത്തിലേക്കു കപ്പലിൽ കാർ കടത്താൻ ഹ്യുണ്ടേയ്

ആഭ്യന്തര വിപണിയിലേക്കുള്ള കാറുകൾ കൊണ്ടുപോകുന്നതും കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ) കടൽമാർഗമാക്കുന്നു. കയറ്റുമതിക്കായി ആശ്രയിക്കുന്ന ചെന്നൈ തുറമുഖം വഴി തന്നെയാണു ഹ്യുണ്ടായ് ആഭ്യന്തര വിപണിയിലേക്കുള്ള കാറുകളും കൊണ്ടു പോകുക. ഹ്യുണ്ടേയ് നിർമിച്ച എണ്ണൂറോളം കാറുകളുമായി, റോ റോ (റോൾ ഓൺ, റോൾ ഓഫ്) സംവിധാനമുള്ള ‘എം വി ഐ ഡി എം സൈമെക്സ്’ ശനിയാഴ്ചയാണു ഗുജറാത്തിലെ പിപാവാവിലേക്കു യാത്ര തിരിച്ചത്.

കാർ കയറ്റിയ ട്രെയ്ലറുകൾ മൂന്നു നാലു ദിവസം കൊണ്ടാണു ചെന്നൈ ഇരിങ്ങാട്ടുകോട്ടൈയിലെ ഹ്യുണ്ടേയ് നിർമാണശാലയിൽ നിന്നു ഗുജറാത്തിലെത്തുക. എന്നാൽ കടൽമാർഗമാവുന്നതോടെ പിപാവാവിലേക്കുള്ള യാത്രയ്ക്ക് ഇതിന്റെ ഇരട്ടി സമയമെടുക്കുമെന്നാണു കരുതുന്നത്. അതേസമയം, റോഡിലൂടെയുള്ള യാത്രയെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും പരിസ്ഥിതി സൗഹൃദമാണെന്നതുമൊക്കെയാണ് കടൽ മാർഗമുള്ള കാർ നീക്കത്തിന്റെ നേട്ടം. പോരെങ്കിൽ കോസ്റ്റർ കാർഗോയായി കൊണ്ടുപോകുന്ന ഓരോ കാറിനും 3,000 രൂപയുടെ ആനുകൂല്യവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ തുറമുഖത്തെ പുനഃരുജ്ജീവിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ആഭ്യന്തര വിപണിയിലേക്കുള്ള കാർ നീക്കവും കപ്പൽ മാർഗമാക്കാൻ ശ്രമിക്കുന്നതെന്ന് തുറമുഖ ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാൻ സിറിൽ സി. ജോർജ് വെളിപ്പെടുത്തി. കിഴക്കൻ തീരത്തു നിന്നു പടിഞ്ഞാറൻ തീരത്തേക്കു കപ്പലിൽ കാറുകൾ കൊണ്ടു പോകുന്നത് ഇതാദ്യമായാണ്. നിരത്തിലെ ഗതാഗതക്കുരുക്കും പരിസ്ഥിതി മലീനീകരണവുമൊക്കെ കുറയ്ക്കാനും ഈ നടപടി സഹായിക്കും. കോസ്റ്റൽ ഷിപ്പിങ് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പ്രഖ്യാപിച്ച ആനുകൂല്യങ്ങളും കപ്പൽ മാർഗമുള്ള കാർ നീക്കത്തിനു സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹ്യുണ്ടേയിക്കു പുറമെ കപ്പൽ മാർഗമുള്ള കാർ നീക്കത്തിനായി ചെന്നൈ പരിസരത്തെ ശാലകളുള്ള നിസ്സാൻ, ഫോഡ് തുടങ്ങിയ കമ്പനികളുമായും ചെന്നൈ തുറമുഖ ട്രസ്റ്റ് ചർച്ച നടത്തുന്നുണ്ട്. കാറുകൾക്കുള്ള വാർഫേജ് നിരക്ക് ചെറിയവയ്ക്ക് 500 രൂപയും വലിയ മോഡലുകൾക്ക് 2,000 രൂപയായും നിജപ്പെടുത്തിയിട്ടുമുണ്ട്. കാർ കയറ്റാനെത്തുന്ന റോ റോ കപ്പലുകളുടെ വാർഫേജ് നിരക്കിലാവട്ടെ 40% ഇളവാണ് അനുവദിച്ചിരിക്കുന്നതെന്നു ചെയർമാൻ എം. എ. ഭാസ്കരാചാർ അറിയിച്ചു.