ഹ്യുണ്ടേയ് ഇയോണ്‍ തിരിച്ചുവിളിച്ചു

നിർമാണ പിഴവ് സംശയിച്ച് 7,657 ‘ഇയോൺ’ കാറുകൾ തിരിച്ചുവിളിക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. ക്ലച് കേബിളും ബാറ്ററി കേബിളുമായി ബന്ധിപ്പിച്ചിട്ടുണ്ടാവാമെന്ന സംശയത്തെ തുടർന്നാണ് എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഇയോൺ’ തിരിച്ചുവിളിച്ചു പരിശോധിക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് തീരുമാനിച്ചത്. തകരാർ കണ്ടെത്തുന്ന പക്ഷം അറ്റകുറ്റപ്പണി സൗജന്യമായി നടത്തി നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2015 ജനുവരി ഒന്നിനും 31നും ഇടയ്ക്കു നിർമിച്ചു വിറ്റ കാറുകൾക്കാണു പരിശോധന ആവശ്യമുള്ളതെന്നും എച്ച് എം ഐ എൽ അറിയിച്ചു.

പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ കമ്പനി നേരിട്ട് വിവരം അറിയിക്കും. തുടർന്നു ഘട്ടം ഘട്ടമായിട്ടാവും പരിശോധന പൂർത്തിയാക്കുക. തകരാർ കണ്ടെത്തിയാൽ ബാറ്ററി കേബിൾ സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. വിപണിയിലെത്തിക്കുന്ന വാഹനങ്ങൾക്ക് ഉന്നത ഗുണനിലവാരം ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് എച്ച് എം ഐ എൽ അറിയിച്ചു. അതുകൊണ്ടുതന്നെ 2015 ജനുവരി ഒന്നിനും 31നുമിടയ്ക്കു നിർമിച്ച ‘ഇയോൺ’ കാറുകളുടെ ഉടമകൾക്ക് വാഹനപരിശോധനയ്ക്കായി സമീപത്തെ ഹ്യുണ്ടേയ് ഡീലർഷിപ്പിനെ സമീപിക്കാവുന്നതാണ്.