‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’ ഞായറാഴ്ച

ഇന്ത്യൻ കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) സംഘടിപ്പിക്കുന്ന വാഹന പരിശോധന ക്യാംപ് ഞായറാഴ്ച. രാജ്യത്തെ 324 നഗരങ്ങളിലായി 567 കേന്ദ്രങ്ങളിലാണു കമ്പനി ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’ സംഘടിപ്പിക്കുക. കമ്പനിയുടെ സേവനങ്ങളും ഉൽപന്നങ്ങളും ബ്രാൻഡുമെല്ലാം അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാ’മിന്റെ ലക്ഷ്യമെന്നു ഹ്യുണ്ടേയ് മോട്ടോർ വിശദീകരിക്കുന്നു. ഡീലർഷിപ്പുകൾക്കു പുറമെ മാൾ, റസിഡൻഷ്യൽ സൊസൈറ്റികൾ, പാർക്കിങ് ലോട്ട്, പെട്രോൾ പമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലും ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’ സംഘടിപ്പിക്കുന്നുണ്ട്.

പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾക്ക് 18 പോയിന്റ് പരിശോധനയാണു കമ്പനിയുടെ വാഗ്ദാനം. ഇടപാടുകാർക്കു സൗകര്യമുള്ള സമയത്ത് വാഹന പരിശോധന പൂർത്തിയാക്കുന്നതിനൊപ്പം മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുമെന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വെളിപ്പെടുത്തുന്നു. ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ ഇടപാടുകാരുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണു ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’ സംഘടിപ്പിക്കുന്നതെന്ന് എച്ച് എം ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. ഇടപാടുകാർക്കു സമീപമെത്തി അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ ആയുഷ്കാല പങ്കാളിയാവാനുമാണു ഹ്യുണ്ടേയ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താക്കളുമായുള്ള നിരന്തര ബന്ധത്തെ കമ്പനി ഏറെ വിലമതിക്കുന്നുണ്ട്. ഈ ക്യാംപെയ്നിനു മികച്ച പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്നു ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വർഷം തോറും കൂടുതൽ ഉപയോക്താക്കളെ പങ്കെടുപ്പിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും ശ്രീവാസ്തവ അറിയിച്ചു. മെഗാ ക്യാംപിനെത്തുന്ന വാഹന ഉടമകൾക്ക് സ്ക്രാച് കാർഡ് വഴി ലേബർ നിരക്കിൽ ഇളവ്, പ്രത്യേക സേവനങ്ങൾ, സൗജന്യ കാർ വാഷ് എന്നിവയൊക്കെ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ ഡീലർഷിപ് സന്ദർശിച്ച് വാഹന ഉടമകൾക്ക് ഈ ആനുകൂല്യം നേടാനാവും. ഇതിനു പുറമെ ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാ’മിനെത്തുന്നവർക്കായി ഫേസ് പെയ്ന്റിങ്, ഗെയിംസ്, സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയ പരിപാടികളും കമ്പനി സംഘടിപ്പിക്കുന്നുണ്ട്.