ക്രേറ്റ’ കയറ്റുമതി തൽക്കാലമില്ലെന്നു ഹ്യുണ്ടായ്

പുതിയ അവതരണമായ ‘ക്രേറ്റ’ ആഭ്യന്തര വിപണിയിൽ പ്രതീക്ഷിച്ചതിലും മികച്ച സ്വീകാര്യത കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ 21നു നടന്ന അരങ്ങേറ്റത്തിനു മുമ്പ് തന്നെ പതിനയ്യായിരത്തോളം പ്രീ ബുക്കിങ്ങുകളാണ് ഹ്യുണ്ടായിയുടെ പുത്തൻ കോംപാക്ട് എസ് യു വിയെ തേടിയെത്തിയത്. കാഴ്ചപ്പകിട്ടിലൂടെ ആരാധകരെ സൃഷ്ടിച്ചു മുന്നേറുന്ന ‘ക്രേറ്റ’യെ സ്വന്തമാക്കാൻ ഇതുവരെ 32,000 പേർ ബുക്കിങ് നടത്തി കാത്തിരിപ്പുണ്ടെന്നാണു ഹ്യുണ്ടായിയുടെ അവകാശവാദം.

ഇത്രയേറെ സ്വീകാര്യത കൈവരിച്ച സാഹചര്യത്തിൽ ‘ക്രേറ്റ’യുടെ ആരാധാകരെയെല്ലാം കഴിവതും വേഗം തൃപ്തിപ്പെടുത്താനുള്ള തീവ്രയത്നത്തിലാണു ഹ്യുണ്ടായ്. അതുകൊണ്ടുതന്നെ ‘ക്രേറ്റ’യുടെ കയറ്റുമതിയെപ്പറ്റി തൽക്കാലം ചിന്തിക്കുന്നു പോലുമില്ലെന്നാണു കൊറിയൻ നിർമാതാക്കളുടെ നിലപാട്. പോരെങ്കിൽ സാധ്യമായ രീതിയിൽ ‘ക്രേറ്റ’യുടെ ഉൽപ്പാദനം വർധിപ്പിക്കാനും ഹ്യുണ്ടായ് ശ്രമിക്കുന്നുണ്ട്. ‘ക്രേറ്റ’ ഉൽപ്പാദനത്തിൽ 40% വർധന കൈവരിച്ച് പ്രതിമാസം 7,000 യൂണിറ്റ് എന്ന നിലയിലെത്തിക്കാനാണു കമ്പനിയുടെ തീരുമാനം. നിലവിൽ പ്രതിമാസം 5,000 ‘ക്രേറ്റ’യാണു കമ്പനി ഉൽപ്പാദിപ്പിക്കുന്നത്.

നിരത്തിലെത്തി ആദ്യ വാങ്ങളിൽ തന്നെ 6,700 യൂണിറ്റിന്റെ വിൽപ്പനയാണു ‘ക്രേറ്റ’ കൈവരിച്ചത്. കോംപാക്ട് എസ് യു വി വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ‘റെനോ ഡസ്റ്ററി’ന്റെയും ‘ഫോഡ് ഇകോസ്പോർട്ടി’ന്റെയുമൊക്കെ അരങ്ങേറ്റ മാസത്തെ വിൽപ്പനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണിത്. ഇതുവരെയുള്ള കണക്കെടുത്താൽ ‘ക്രേറ്റ’യുടെ മൊത്തം വിൽപ്പന 8,000 യൂണിറ്റ് പിന്നിട്ടു; ഉൽപ്പാദനമാവട്ടെ 11,000 യൂണിറ്റും. അപ്രതീക്ഷിതമായ സ്വീകാര്യത കൈവന്നതോടെ ‘ക്രേറ്റ’യുടെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ മൂന്നു മുതൽ ഒൻപതു മാസം വരെ കാത്തിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

‘ക്രേറ്റ’യ്ക്കു ലഭിച്ച വരവേൽപ്പിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ, എസ് യു വി ഉൽപ്പാദനം വർധിപ്പിച്ച് വാഹനത്തിനായുള്ള കാത്തിരിപ്പ് കുറയ്ക്കുമെന്നും വ്യക്തമാക്കുന്നു. ഒപ്പം നവംബർ — ഡിസംബറിനു മുമ്പ് ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത മാസം മുതൽ തന്നെ ‘ക്രേറ്റ’ വിദേശ വിപണികളിൽ വിൽക്കാനായിരുന്നു കമ്പനിയുടെ മുൻതീരുമാനം. പെട്രോളും രണ്ട് ഡീസലുമായി മൂന്ന് എൻജിൻ സാധ്യതകളോടെ ലഭ്യമാവുന്ന ‘ക്രേറ്റ’ ആറു വകഭേങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്: ബേസ്, എസ്, എസ് പ്ലസ്, എസ് എക്സ, എസ് എക്സ് പ്ലസ്, എസ് എക്സ് ഓപ്ഷൻ എന്നിവ.

‘ക്രേറ്റ’യിലെ 1.6 ലീറ്റർ വി ടി പെട്രോൾ എൻജിന് പരമാവധി 121.3 ബി എച്ച് പി കരുത്തും 154.9 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ശേഷി കുറഞ്ഞ ഡീസൽ(1.4 ലീറ്റർ സി ആർ ഡി ഐ) എൻജിൻ സൃഷ്ടിക്കുന്നത് പരമാവധി 88.7 ബി എച്ച് പി കരുത്തും 219.7 എൻ എം ടോർക്കുമാണ്. കരുത്തേറിയ, 1.6 ലീറ്റർ ഡീസൽ എൻജിനാവട്ടെ 126.3 ബി എച്ച് പി വരെ കരുത്തും 259.8 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്.