സൂംകാറിനൊപ്പം ഹ്യുണ്ടേയിയുടെ 50 ‘എലീറ്റ് ഐ 20’

കാർ റെന്റൽ കമ്പനിയായ സൂംകാറിന് വാഹനങ്ങൾ ലഭ്യമാക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് രംഗത്ത്. 50 ‘എലീറ്റ് ഐ 20’ കാറുകളാണു സൂംകാർ ഹ്യുണ്ടേയിൽ നിന്നു വാങ്ങുക. വാടകയ്ക്കെടുക്കുന്നവർക്കു സ്വയം ഓടിക്കാനായി കാർ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാണു ബെംഗളൂരു ആസ്ഥാനമായ സൂംകാർ. സൂംകാറുമായി സഹകരിക്കാൻ കഴിയുന്നതിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ദക്ഷിണ മേഖല മാനേജർ വിശാൽ ഖേർ ആഹ്ലാദം രേഖപ്പെടുത്തി. ഹ്യുണ്ടേയിൽ നിന്നുള്ള ആധുനിക, പ്രീമിയം കാറുകൾ സൂംകാർ ഇടപാടുകാർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവിൽ രണ്ടായിരത്തി ഇരുനൂറിലേറെ കാറുകളാണു സൂംകാർ ശേഖരത്തിലുള്ളതെന്നു കമ്പനി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്രെഗ് മൊറൻ അറിയിച്ചു. ഇതോടൊപ്പമാണു ഹ്യുണ്ടേയിൽ നിന്നുള്ള 50 ‘എലീറ്റ് ഐ 20’ കാറുകൾ ചേരുന്നത്. ഉന്നത നിലവാരമുള്ള കാറുകളും പ്രീമിയം സേവനവും ഉറപ്പാക്കാൻ സൂംകാർ പ്രതിജ്ഞാബദ്ധമാണെന്നും മൊറൻ വെളിപ്പെടുത്തി. അവധിക്കാല യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ കാറുകൾ ഉറപ്പാക്കാനാണു സൂംകാർ നിരന്തരം ശ്രമിക്കുന്നത്. അനായാസ ഡ്രൈവിങ് സൗകര്യത്തിനൊപ്പം ആകർഷക രൂപകൽപ്പനയുടെയും പിൻബലമുള്ള ഹ്യുണ്ടേയ് കാറുകൾക്ക് ധാരാളം ആവശ്യക്കാരുണ്ടാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.