ഹ്യുണ്ടേയ് ഇന്ത്യ വാഹന നിർമാണം 70 ലക്ഷം പിന്നിട്ടു

Hyundai Creta

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ ഇന്ത്യയിൽ നിന്നുള്ള മൊത്തം വാഹന ഉൽപ്പാദനം 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ശ്രീപെരുംപുദൂരിലുള്ള ശാലയിൽ നിന്നു പുറത്തെത്തിയ വെള്ള ‘ക്രേറ്റ എ ടി’യാണു കമ്പനിയുടെ മൊത്തം ഉൽപ്പാദനം ഏഴു ദശലക്ഷത്തിലെത്തിച്ചത്. ഹ്യുണ്ടേയ് ഗ്രൂപ്പിൽ ഉൽപ്പാദനം 70 ലക്ഷത്തിലെത്തിക്കുന്ന രണ്ടാമതു കമ്പനിയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ); ചൈനയിലെ ഹ്യുണ്ടേയ് മുമ്പേ ഈ നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യയിലാവട്ടെ ഉൽപ്പാദനം ആരംഭിച്ച 18 വർഷത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കിയാണ് എച്ച് എം ഐ എൽ പുതിയ ചരിത്രം സൃഷ്ടിച്ചത്.

ശ്രീപെരുംപുദൂർ ശാലയിൽ 1998ലാണ് എച്ച് എം ഐ എൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചത്. വെറും എട്ടു വർഷത്തിനകം 2006ൽ ശാലയിൽ നിന്നു പുറത്തെത്തിയ ‘സാൻട്രോ’ കാറാണ് മൊത്തം ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്.
കഴിഞ്ഞ മേയ് ആറിനു നടന്ന 20—ാം സ്ഥാപന ദിനാഘോഷ വേളയിലെ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള നടപടികളാണ് ഇനി ആവശ്യമെന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. വിപണിയിലെ നേതൃസ്ഥാനത്തിനും മികച്ച തൊഴിലിടത്തിനുമൊപ്പം ഏറ്റവുമധികം സ്നേഹിക്കപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാൻഡായി മാറാനാണു ഹ്യുണ്ടേയിയുടെ മോഹം. കൂടാതെ 2021 മധ്യത്തോടെ മൊത്തം ഉൽപ്പാദനം ഒരു കോടി പിന്നിടുമെന്നും എച്ച് എം ഐ എൽ സ്വപ്നം കാണുന്നു.

നിലവിൽ 10 മോഡലുകളാണു ഹ്യുണ്ടേയ് ഇന്ത്യയിൽ വിൽക്കുന്നത്: ‘ഇയോൺ’, ‘ഐ 10’, ‘ഗ്രാൻഡ് ഐ 10’, ‘എലീറ്റ് ഐ 20’, ‘ആക്ടീവ് ഐ 20’, ‘എക്സെന്റ്’, ‘വെർണ’, ‘ക്രേറ്റ’, ‘ഇലാൻട്ര’, ‘ട്യുസൊൺ’, ‘സാന്റാ ഫെ’. ഇതിനു പുറമെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ പസഫിക് മേഖലകളിലായി 92 രാജ്യങ്ങളിൽ ഹ്യുണ്ടേയ് ഇന്ത്യൻ നിർമിത കാറുകൾ വിൽപ്പനയ്ക്കെത്തിക്കുന്നുമുണ്ട്.