കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങളുമായി ഹ്യുണ്ടേയ്

പ്രവർത്തനത്തിന്റെ 20—ാം വാർഷികാഘോഷം പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു പ്രത്യേക ആനുകൂല്യങ്ങളുമായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ 10’, കോംപാക്ട് സെഡാനായ ‘എക്സെന്റ്’ എന്നിവ വാങ്ങുമ്പോൾ 7,000 രൂപയുടെയും ഹാച്ച്ബാക്കുകളായ ‘ഐ 10’, ‘ഇയോൺ’ എന്നിവ വാങ്ങുമ്പോൾ 5,000 രൂപയുടെയും ഇളവാണു കമ്പനി പ്രഖ്യാപിച്ചത്; നിലവിലുള്ള ഇളവുകൾക്കു പുറമെയാണഉ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുക. ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതോടെ നഗര — ഗ്രാമ ഭേദമില്ലാതെ കേന്ദ്ര സർക്കാർ ജീവനക്കാർ വൻതോതിൽ കാർ വാങ്ങാനെത്തുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ഹ്യുണ്ടേയ് എന്ന ബ്രാൻഡിൽ വിശ്വാസവും പ്രതീക്ഷയും താൽപര്യവുമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ‘പ്രൈഡ് ഓഫ് ഇന്ത്യ’ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് എച്ച് എം ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്ത അറിയിച്ചു. ആകർഷ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു കേന്ദ്ര സർക്കാർ ജീവനക്കാരെ ഹ്യുണ്ടേയ് കുടുംബാംഗങ്ങളാക്കി മാറ്റാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ രാജ്യത്തെ 324 നഗരങ്ങളിലായി 567 കേന്ദ്രങ്ങളിലായി കമ്പനി കഴിഞ്ഞ ഞായറാഴ്ച ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’ സംഘടിപ്പിച്ചിരുന്നു. കമ്പനിയുടെ സേവനങ്ങളും ഉൽപന്നങ്ങളും ബ്രാൻഡുമെല്ലാം അനുഭവിച്ചറിയാൻ അവസരമൊരുക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’. ഡീലർഷിപ്പുകൾക്കു പുറമെ മാൾ, റസിഡൻഷ്യൽ സൊസൈറ്റികൾ, പാർക്കിങ് ലോട്ട്, പെട്രോൾ പമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലും ‘മെഗാ എക്സ്പീരിയൻസ് ഹ്യുണ്ടേയ് പ്രോഗ്രാം’ സംഘടിപ്പിച്ചിരുന്നു. പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾക്ക് 18 പോയിന്റ് പരിശോധന സൗജന്യമായി നടത്തി നൽകി. ഇടപാടുകാർക്കു സൗകര്യമുള്ള സമയത്ത് വാഹന പരിശോധന പൂർത്തിയാക്കുന്നതിനൊപ്പം മൂല്യവർധിത സേവനങ്ങളും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.