സാൻട്രോ തിരിച്ചെത്തുന്നു

മാരുതി 800 കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് ഹ്യണ്ടേയ് സാൻട്രോ. ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാതിരുന്ന ഹ്യുണ്ടേയ് എന്ന കൊറിയൻ വാഹന നിർമാതാക്കളെ ജനപ്രിയമാക്കുന്നതിൽ സാൻട്രോ എന്ന ടോൾ ബോയ് വഹിച്ച പങ്ക് വളരെ വലുതാണ്. മാരുതിക്ക് പിന്നിൽ ഹ്യുണ്ടേയ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചർ കാർ നിർമാതാക്കളായതിൽ കമ്പനി സാൻട്രോയോടു കടപ്പെട്ടിരിക്കുന്നു. 1998 മുതൽ 2014 വരെ ഇടത്തരക്കാരുടെ ഇഷ്ട കാറായി വിപണിയിൽ നിന്ന സാൻട്രോ തിരിച്ചെത്തിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടേയ്. നിലവിൽ ഹ്യുണ്ടേയ്‌ ലൈനപ്പിലുള്ള ഐ10 നെ പിൻവലിച്ചാണ് സാൻട്രോയെ തിരിച്ചെത്തിക്കാൻ കമ്പനി ആലോചിക്കുന്നത്.

Launch Of Santro In September 1998

ദക്ഷിണ കൊറിയയിൽ വികസനഘട്ടത്തിലുള്ള പുതിയ ‘സാൻട്രോ’ 2018 ല്‍ ഇന്ത്യയിലെത്തുമെന്നാണു സൂചന. എന്നാൽ ബ്രാൻഡ് നാമം നിലനിർത്തി പൂർണ്ണമായും പുതിയൊരു കാറായിരിക്കും കമ്പനി പുറത്തിറക്കുക. നിർത്തലാക്കി രണ്ടു വർഷമാകുമ്പോഴും ബ്രാൻഡ് എന്ന നിലയിൽ ‘സാൻട്രോ’യ്ക്കുള്ള സ്വീകാര്യതയും ഉപയോക്താക്കൾക്കിടയിലുള്ള താൽപര്യവുമാണത്രെ ഹ്യുണ്ടേയ് മാനേജ്മെന്റിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

ഡീലർഷിപ്പുകളിലെത്തുന്നവരിൽ പലരും ഇപ്പോഴും ‘സാൻട്രോ’ അന്വേഷിക്കുന്നു; എന്തിനാണ് കാർ ‘കണ്ടം ചെയ്തത്’ എന്നു ചോദിക്കുന്നവരുമേറെ. ‘സാൻട്രോ’യുടെ പിൻമാറ്റത്തോടെ ‘ടോൾ ബോയ്’ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ‘വാഗൻ ആറി’ന് എതിരില്ലാതായി എന്ന വസ്തുതയും അവശേഷിക്കുന്നു. അതേസമയം, ‘സാൻട്രോ’യുടെ മടങ്ങി വരവിനെപ്പറ്റി പ്രതികരിക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ യങ് കീ കൂ തയാറായില്ല.

Santro Xing

ഹ്യുണ്ടേയ് ഇന്ത്യയുടെ അരങ്ങേറ്റ മോഡലായി 1998 സെപ്റ്റംബറിലായിരുന്നു ‘സാൻട്രോ’യുടെ വരവ്. ഇന്ത്യയ്ക്ക് അപരിചിതമായ ‘ടോൾ ബോയ്’ രൂപകൽപ്പനയ്ക്കു പുറമെ രണ്ടു പതിറ്റാണ്ടായി വിപണി വാഴുന്ന കാർബുറേറ്റഡ് എൻജിനു പകരം മൾട്ടി പോയിന്റ് ഫ്യുവൽ ഇഞ്ചക്ഷൻ(എം പി എഫ് ഐ) എൻജിനും ‘സാൻട്രോ’യുടെ സവിശേഷതയായിരുന്നു. 16 വർഷം നീണ്ട ജൈത്രയാത്രയ്ക്കൊടുവിൽ ‘സാൻട്രോ’ വിരമിക്കുമ്പോൾ കാറിന്റെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന 13.60 ലക്ഷം യൂണിറ്റായിരുന്നു. പിന്നെ വിദേശത്തു വിറ്റ 5.35 ലക്ഷം ‘സാൻട്രോ’കളും. 2014 അവസാനം വിട ചൊല്ലുന്ന വേളയിലും ‘സാൻട്രോ’ മാസം തോറും 2,400 — 2,500 യൂണിറ്റിന്റെ വിൽപ്പ നേടുന്നുണ്ടായിരുന്നു. 2014 — 15ന്റെ ആദ്യ പകുതിയിൽ വിറ്റതാവട്ടെ 14,595 ‘സാൻട്രോ’കളാണ്.

ഇന്ത്യയിലെ ‘സാൻട്രോ’യെ ‘ആറ്റോസ് പ്രൈം’ എന്ന പേരിലാണു ഹ്യുണ്ടേയ് വിദേശ വിപണികളിൽ വിറ്റിരുന്നത്. 2007ൽ ‘ഐ 10’ എത്തിയതോടെ മിക്ക വിദേശ വിപണികളിൽ നിന്നും ഹ്യുണ്ടേയ് ‘ആറ്റോസ് പ്രൈം’ പിൻവലിച്ചു. ഇന്ത്യയിലാവട്ടെ 2011 ഒക്ടോബറിൽ ‘സാൻട്രോ സിങ്ങി’ന്റെ വിലയ്ക്ക് ലഭിക്കുന്ന പുതുകാറായ ‘ഇയോൺ’ ഇറങ്ങി. 2014ലാവട്ടെ ‘ഗ്രാൻഡ് ഐ ടെന്നും’ ഇന്ത്യയിലെത്തി. തറവാട്ടിൽ നിന്നുള്ള മത്സരം ശക്തമായിട്ടും പതറാതെ പിടിച്ചു നിന്ന ചരിത്രവും ‘സാൻട്രോ’യ്ക്കു സ്വന്തമാണ്.