‘ക്രേറ്റ’യിലൂടെ വിപണി വിഹിതം ഉയർത്താൻ ഹ്യുണ്ടായ്

പുതിയ അവതരണമായ ‘ക്രേറ്റ’യ്ക്കു ലഭിച്ച മികച്ച വരവേൽപ്പിന്റെ പിൻബലത്തിൽ ഇന്ത്യൻ യാത്രാവാഹന വിപണിയിലെ വിഹിതം 20 ശതമാനത്തിലെത്തിക്കാനാവുമെന്നു കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായിക്കു പ്രതീക്ഷ. നിലവിൽ ഇന്ത്യൻ വിപണിയിൽ 17% ആണു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ വിഹിതം.

അവതരണത്തിനു മുമ്പു തന്നെ ‘ക്രേറ്റ’യ്ക്ക് 23,000 ബുക്കിങ് ലഭിച്ചതാണു ഹ്യുണ്ടായിക്കു പ്രതീക്ഷയേകുന്നത്. 6.75 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെ വിലനിലവാരത്തിൽ വിൽപ്പനയ്ക്കുള്ള ഫോഡ് ‘ഇകോ സ്പോർട്’, റെനോ ‘ഡസ്റ്റർ’, നിസ്സാൻ ‘ടെറാനൊ’, മഹീന്ദ്ര ‘സ്കോർപിയോ’, മഹീന്ദ്ര ‘എക്സ് യു വി 500’, ടാറ്റ ‘സഫാരി സ്റ്റോം’ എന്നിവയോടാണു ‘ക്രേറ്റ’യുടെ മത്സരം.

ജൂലൈ 21ന് അരങ്ങേറിയ അഞ്ചു സീറ്റുള്ള എസ് യു വിയായ ‘ക്രേറ്റ’യ്ക്ക് 8.59 ലക്ഷം മുതൽ 13.60 ലക്ഷം രൂപ വരെയാണു വില. 1.6 ലീറ്റർ പെട്രോൾ എൻജിനുള്ള വകഭേദങ്ങൾക്ക് 8.59 — 11.19 ലക്ഷം രൂപ വിലയുള്ളപ്പോൾ ഡീസൽ വകഭേദങ്ങളുടെ വില 9.46 മുതൽ 13.60 ലക്ഷം രൂപ വരെയാണ്.

‘ക്രേറ്റ’യ്ക്കു ലഭിച്ച ഉജ്വല സ്വീകരണത്തിലൂടെ വിപണി വിഹിതത്തിൽ ഒരു ശതമാനത്തിന്റെ വർധനയാണു കമ്പനി പ്രതീക്ഷിക്കുന്നതെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. ക്രമേണ വിപണി വിഹിതം മൂന്നു ശതമാനത്തോളം ഉയർന്ന് ഇരുപതിലെത്തുമെന്നും ശ്രീവാസ്തവ കണക്കുകൂട്ടുന്നു.

‘ക്രേറ്റ’യിലൂടെ വൻവിൽപ്പനസാധ്യതയുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ കഴിഞ്ഞെന്നാണു ഹ്യുണ്ടായിയുടെ വിലയിരുത്തൽ. പ്രീമിയം വിഭാഗത്തിൽ ‘സാന്റാ ഫെ’യും കോംപാക്ട് വിഭാഗത്തിൽ ‘ഐ 20 ആക്ടീവും’ ഉള്ളതിനാൽ എസ് യു വി വിപണിയിൽ എല്ലാ മേഖലയിലും കൈവയ്ക്കാനായെന്നും ഹ്യുണ്ടായ് കരുതുന്നു. കോംപാക്ട്, സെഡാൻ വിഭാഗങ്ങളിൽ ഇപ്പോൾ തന്നെ ഹ്യുണ്ടായിക്കു ശക്തമായ സാന്നിധ്യമുണ്ടെന്നു ശ്രീവാസ്തവ അവകാശപ്പെടുന്നു. ‘സാന്റാ ഫെ’യ്ക്കും ‘ഐ 20 ആക്ടീവി’നുമൊപ്പം ‘ക്രേറ്റ’ കൂടിയെത്തിയതോടെ എസ് യു വി മേഖലയിലെ വിൽപ്പനയിലും സമാന പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം കരുതുന്നു.

ഇന്ത്യൻ യാത്രാവാഹന വിഭാഗത്തിലെ വാർഷിക വിൽപ്പന 25 ലക്ഷം യൂണിറ്റോളമാണ്. നിലവിൽ പ്രതിമാസം 36,000 — 37,000 യൂണിറ്റ് വിൽക്കുന്ന ഹ്യുണ്ടായിക്ക് 17 ശതമാനത്തോളം വിപണി വിഹിതം സ്വന്തമാണെന്നു ശ്രീവാസ്തവ വിശദീകരിച്ചു.

കഴിഞ്ഞ വർഷം 4.11 ലക്ഷം യൂണിറ്റായിരുന്നു ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വിൽപ്പന. ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലെ രണ്ടു ശാലകളിലായി 6.80 ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി. ആവശ്യമെങ്കിൽ ഇത് ഏഴു ലക്ഷം വരെയായി ഉയർത്താനാവുമെന്നു ഹ്യുണ്ടായ് പറയുന്നു.

ഇന്ത്യയിൽ മൂന്നാമത്തെ ഉൽപ്പാദനശാല സ്ഥാപിക്കാനുള്ള സാധ്യത ഹ്യുണ്ടായ് പരിശോധിക്കുന്നുണ്ട്. എന്നാൽ ചരക്ക് സേവന നികുതി(ജി എസ് ടി) പോലുള്ള വിഷയങ്ങളിൽ വ്യക്തത കൈവന്ന ശേഷമാവും ഭൂമി ഏറ്റെടുക്കൽ പോലുള്ള കാര്യങ്ങളിൽ തീരുമാനമാവുകയെന്നു ശ്രീവാസ്തവ വെളിപ്പെടുത്തി.