രണ്ട് എസ്‌യുവി കൂടി അവതരിപ്പിക്കാൻ ഹ്യുണ്ടേയ്

നാലു വർഷത്തിനുള്ളിൽ രണ്ടു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവി) കൂടി അവതരിപ്പിക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) തയാറെടുക്കുന്നു. ഇന്ത്യയിൽ മികച്ച വിപണന സാധ്യതയുള്ള എസ്‌യുവി വിഭാഗത്തിൽ നിലവിൽ രണ്ടു മോഡലുകളാണു കമ്പനിക്കുള്ളത്: ‘ക്രേറ്റ’യും ‘സാന്റാ ഫെ’യും. അഞ്ചോ ആറോ ലക്ഷം രൂപയ്ക്കു ലഭിക്കുന്ന കോംപാക്ട് എസ്‌യുവി മുതൽ 30 ലക്ഷം രൂപയിലേറെ വിലയുള്ള ‘സാന്റാ ഫെ’ വരെ നീളുന്ന, നാലു മോഡലുകളുള്ള എസ്‌യുവി ശ്രേണി യാഥാർഥ്യമാക്കാനാണു ഹ്യുണ്ടേയ് ഒരുങ്ങുന്നത്.

പുതിയ ‘എലാൻട്ര’ അവതരിപ്പിച്ചതിനു പിന്നാലെ ഒക്ടോബറിലോ നവംബറിലോ എസ്‌യുവിയായ ‘ട്യുസോൻ’ വിൽപനയ്ക്കെത്തിക്കുമെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ.കെ. കൂ അറിയിച്ചു. ‘ക്രേറ്റ’യ്ക്കു താഴെയുള്ള വിഭാഗം ലക്ഷ്യമിട്ടു നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ കോംപാക്ട് എസ്‌യുവിയായ ‘കാർലിനൊ’ ഹ്യുണ്ടേയ് പ്രദർശിപ്പിച്ചിരുന്നു. ഈ മോഡലിന്റെ പൂർണതോതിലുള്ള വികസന നടപടികളാണു നിലവിൽ പുരോഗമിക്കുന്നത്. എസ്‌യുവി ശ്രേണിയിലെ മോഡലുകളുടെ എണ്ണം നാലിലെത്തിക്കാൻ നാലു വർഷമെങ്കിലും വേണ്ടി വരുമെന്നും കൂ വ്യക്തമാക്കി.
രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും ‘ട്യുസോൺ’ വിപണിയിലെത്തുകയെന്നും 25 - 30 ലക്ഷം രൂപയാവും വിലനിലവാരമെന്നും കൂ സൂചിപ്പിച്ചു.

ഇന്ത്യയിലെ വിൽപന മെച്ചപ്പെടുത്താൻ ത്രിതല തന്ത്രമാണു ഹ്യുണ്ടേയ് പിന്തുടരുകയെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വിശദീകരിച്ചു. യഥാസമയമുള്ള മോഡൽ മാറ്റങ്ങൾക്കൊപ്പം നിലവിൽ സാന്നിധ്യമില്ലാത്ത മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. പൂർണ തോതിലുള്ള വളർച്ച സാധ്യമാവുന്ന ഉപ വിഭാഗങ്ങൾ വികസിപ്പിക്കാനും കമ്പനി നടപടി സ്വീകരിക്കുമെന്നു ശ്രീവാസ്തവ അറിയിച്ചു. വർഷം തോറും ഒന്നോ രണ്ടോ പുതിയ മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ ശ്രേണി വിപുലീകരിക്കാനാണു കമ്പനി ഒരുങ്ങുന്നത്. നിലവിൽ എൻട്രി ലവൽ കാറായ ‘ഇയോൺ’ മുതൽ പ്രീമിയം എസ്‌യുവിയായ ‘സാന്റാ ഫെ’ വരെ 11 മോഡലുകളാണു ഹ്യുണ്ടേയ് ഇന്ത്യയിൽ വിൽക്കുന്നത്.