ആന്‍ഡ്രോയ്ഡ് ഇൻ-കാർ ടെക് വികസനത്തിനു ഫിയറ്റ് ക്രൈസ്‌ലർ, ഗൂഗിൾ കൈകോർക്കുന്നു

കാറിനുള്ളിലെ ആഡംബര സൗകര്യങ്ങൾ സ്മാർട്ഫോണ്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കാൻ ഫിയറ്റ് ക്രൈസ്‌ലർ ടെക് ഭീമന്‍ ഗൂഗിളുമായി കൈകോർക്കുന്നു. ആൻഡ്രോയ്ഡ് 7.0 ഓഎസ് വേര്‍ഷനെ അടിസ്ഥാനമാക്കിയാണു പുതിയ ടെക്നോളജി വികിസിപ്പിക്കുന്നത്.

ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന സ്വയം-നിയന്ത്രിത (സെൽഫ് ഡ്രൈവ്) ഗൂഗിൾ കാറിന്റെ നിർമാണത്തിന് ഗൂഗിളിന്റെ ആസ്ഥാന കമ്പനി ആൽഫാബെറ്റുമായി നേരത്തെമുതൽ സഹകരിച്ചു പ്രവർത്തിച്ചു വരുകയാണ് ക്രൈസ്‌ലർ. ആൻഡ്രോയ്ഡ് ആപ്പ് കോംപാറ്റിബിലിറ്റിയോടൊപ്പം മറ്റ് ഇൻ-കാർ കൺട്രോളുകളായ എസി, ഹീറ്റ്, റേഡിയോ എന്നിവയും നിയന്ത്രിക്കാൻ സഹായകമാണു പുതിയ ഫീച്ചർ.

കാറിലെ അകത്തള സംവിധാനങ്ങൾ ആൻഡ്രോയ്ഡ് സ്മാർട്ഫോണുപയോഗിച്ചു നിയന്ത്രിക്കുന്ന ആൻഡ്രോയ്ഡ് ഓട്ടോ മോഡൽ പദ്ധതിക്കു പുറമെയാണു പുതിയ പദ്ധതി. കാർ നിർമാതാക്കള്‍ ഉദ്പാദിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളുമായി സഹകരിച്ച് ആൻഡ്രോയ്ഡ് സേവനം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണു ഗൂഗിളിന്റെ പുതിയ നീക്കം. അതേ സമയം തങ്ങളുടെ ഉപയോക്താക്കൾക്കു മികച്ച ആപ്പ് കോംപാറ്റിബിലിറ്റി നൽകാനാണ് ഈ നീക്കത്തിലൂടെ ക്രൈസ്‌ലർ ലക്ഷ്യമിടുന്നത്.

കാറിനുള്ളിലെ സാങ്കേതികവിദ്യയുടെ പൂർണ ഉത്തരവാദിത്തം കാർ നിർമാതാക്കൾക്കു നൽകുന്നത് അനുയോജ്യമല്ല. തങ്ങളുടെ കാറുകളിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ പൂർണ ഉത്തരവാദിത്വം സോഫ്റ്റ്‌വെയർ കമ്പനിക്കു കൈമാറുന്നതു ബ്രാൻഡിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നു ഭയക്കുന്നതിനാൽ കാർനിർമാതാക്കള്‍ ഇതിനു തയ്യാറാകുമെന്നു കരുതാനുമാകില്ല.