ഇഗ്നീഷൻ സ്വിച്: നഷ്ടപരിഹാരം 100 പേർക്കെന്നു ജി എം

നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ മൂലമുണ്ടായ അപകടങ്ങളിൽ മരിച്ച 100 പേർക്കെങ്കിലും നഷ്ടപരിഹാരം അനുവദിക്കുമെന്ന് ജനറൽ മോട്ടോഴ്സ്(ജി എം). ഇതിനായി കമ്പനി നിയോഗിച്ച അറ്റോണിയായ കെന്നത്ത് ഫെയ്ൻബർഗ് ആണു പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച വരെ 97 പേർക്ക് നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ജി എമ്മിന്റെ നിലപാട്. കൂടാതെ അപകടങ്ങളിൽ പരുക്കേറ്റ 184 പേർക്കു നഷ്ടപരിഹാരം നൽകാനും കമ്പനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ അപകടങ്ങളിൽ പരുക്കേറ്റ 163 പേർക്കു നഷ്ടപരിഹാരം അനുവദിക്കുമെന്നായിരുന്നു ജി എമ്മിന്റെ പ്രഖ്യാപനം.

ഇഗ്നീഷൻ സ്വിച് സംബന്ധമായ അപകടങ്ങളെ തുടർന്നുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ജനുവരി 31 ആയിരുന്നു. ഈ കാലപരിധിക്കുള്ളിൽ 4,342 ക്ലെയിമുകൾ ലഭിച്ചെന്നാണ് ഈ ആവശ്യത്തിനായി രൂപീകരിച്ച ഫണ്ടിന്റെ കണക്ക്. ലഭിച്ച അപേക്ഷകളിൽ 3,400 എണ്ണം അനർഹമായവയോ ആവശ്യമായ വിവരങ്ങൾ ഇല്ലാത്തവയോ ആണെന്നും കണ്ടെത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ നഷ്ടപരിഹാരത്തിനുള്ള 113 വാഗ്ദാനങ്ങൾ സ്വീകരിക്കപ്പെടുകയും അഞ്ചെണ്ണം തള്ളുകയും ചെയ്തിരുന്നു. അതേസമയം ഓരോരുത്തർക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തുക എത്രയെന്നു വ്യക്തമായിട്ടില്ല.

നിർമാണ തകരാറുള്ള ഇഗ്നിഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ മാത്രം കഴിഞ്ഞ വർഷം 59 ലക്ഷം കാറുകളാണു ജനറൽ മോട്ടോഴ്സ് തിരിച്ചുവിളിച്ചത്. ഇത്തരം സ്വിച്ചുകൾ ഘടിപ്പിച്ച കാറുകൾ അപകടത്തിൽപെട്ട ചുരുങ്ങിയത് 57 പേർ കൊല്ലപ്പെട്ടെന്നും 90 പേർക്കു പരുക്കേറ്റെന്നുമാണു കണക്ക്.

ദശാബ്ദത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇഗ്നീഷൻ സ്വിച് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ജി എം തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങിയവ കഴിഞ്ഞ വർഷം മാത്രമാണു കമ്പനി തിരിച്ചു വിളിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്. ഇതോടെ പ്രശ്നത്തെപ്പറ്റി സർക്കാർ തലത്തിൽ സിവിൽ — ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനൊപ്പം വിഷയം കോൺഗ്രസിൽ ചർച്ചയാവുകയും യു എസിലെയും കാനഡയിലെയും കോടതികളിൽ നഷ്ടപരിഹാര കേസുകൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. 2001ൽ തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലതാമസം നേരിട്ടത് എന്തുകൊണ്ടെന്ന ചോദ്യമാണു ജി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.