സംയുക്ത സംരംഭം: 559 കോടി കുടുങ്ങിയെന്ന് അശോക് ലേയ്‌ലൻഡ്

പങ്കാളിത്തമുള്ള സംരംഭങ്ങളിലും ഉപ സ്ഥാപനങ്ങളിലുമൊക്കെയായി കഴിഞ്ഞ സാമ്പത്തിക വർഷം 558 കോടി രൂപ കുടുങ്ങിയെന്നു ഹിന്ദൂജ ഗ്രൂപ്പിലെ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ്. ജാപ്പനീസ് നിർമാതാക്കളായ നിസ്സാനുമായി ചേർന്നു തുടങ്ങിയ മൂന്നു സംയുക്ത സംരംഭങ്ങളുടെ ഭാവി സംബന്ധിച്ചു കാര്യമായ അനിശ്ചിതത്വമുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിസ്സാനും അശോക് ലേയ്‌ലൻഡുമായി 2008 മേയിലാണു മൂന്നു സംയുക്ത സംരംഭങ്ങൾ സ്ഥാപിച്ചത്: വാഹന നിർമാണത്തിന് അശോക് ലേയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസ് ലിമിറ്റഡ്(എ എൽ എൻ വി എൽ), പവർ ട്രെയ്ൻ നിർമാണത്തിനുള്ള നിസ്സാൻ അശോക് ലേയ്‌ലൻഡ് പവർ ട്രെയ്ൻ ലിമിറ്റഡ്(എൻ എ എൽ പി ടി), സാങ്കേതിക വിദ്യ വികസനത്തിനായി നിസ്സാൻ അശോക് ലേയ്‌ലൻഡ് ടെക്നോളജീസ് ലിമിറ്റഡ്(എൻ എ എൽ ടി) എന്നിവ.

ഇരു പങ്കാളികളും ചേർന്ന് 1,000 കോടിയോളം രൂപയാണ് ഈ സംരംഭങ്ങൾക്കായി മുടക്കിയത്.
എന്നാൽ നിലവിൽ ഈ മൂന്നു കമ്പനികളും പ്രവർത്തനം തുടരുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്ന് അശോക് ലേയ്ലൻഡ് വെളിപ്പെടുത്തുന്നു. പ്രശ്നം പരിഹരിക്കാനായി നിസ്സാൻ മോട്ടോഴ്സ് ലിമിറ്റഡുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കമ്പനിയുടെ 2015 —16ലെ വാർഷിക റിപ്പോർട്ടിലുണ്ട്. അതേസമയം, ഈ കമ്പനികളുടെ വാർഷിക വരവ് ചെലവ് കണക്കുകൾ അതതു ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചിട്ടുമില്ല. സംയുക്ത സംരംഭങ്ങളിലെ സഞ്ചിത നഷ്ടവും മറ്റും പരിഗണിച്ച് ഇവയിലെ നിക്ഷേപം നിലനിർത്താനായി 296 കോടി രൂപയും അശോക് ലേയ്‌ലൻഡൻ വകയിരുത്തിയിട്ടുണ്ട്. എ എൽ എൻ വി എല്ലിന് 195.87 കോടി രൂപയും എൻ എ എൽ പി ടിക്ക് 74.04 കോടി രൂപയും എൻ എ എൽ ടിക്ക് 26.05 കോടി രൂപയുമാണ് നീക്കിവച്ചിരിക്കുന്നത്.

കൂടാതെ ഉപസ്ഥാപനങ്ങളുടെ നഷ്ടസാധ്യത കണക്കിലെടുത്ത് ജർമനിയിലെ അൽബൊണെയറിന് 107 കോടി രൂപയും യു കെയിലെ ഒപ്റ്റെയർ പി എൽ സിക്ക് 150 കോടി രൂപയും അൽബൊണെയർ ഇന്ത്യയ്ക്ക് അഞ്ചു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. അങ്ങനെ ഉപസ്ഥാപനങ്ങളിലും സംയുക്ത സംരംഭങ്ങളിലുമായി 558 കോടി രൂപയാണു മൊത്തത്തിൽ കുടുങ്ങിയതെന്ന് അശോക് ലേയ്‌ലൻഡ് വിശദീകരിക്കുന്നു. ധാരണകൾ പാലിച്ചില്ലെന്നും എക്സ്പോർട്ട് പ്രമോഷൻ കാംപിറ്റൽ ഗുഡ്സ്(ഇ പി സി ജി) പദ്ധതി വ്യവസ്ഥകൾ ലംഘിച്ചെന്നുമാരോപിച്ച് അശോക് ലേയ്‌ലൻഡാണ് ആദ്യം റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി(ആൻ എൻ എ ഐ പി എൽ)നെതിരെ നിയമയുദ്ധത്തിന് തുടക്കമിട്ടത്. തുടർന്ന് ഈ വർഷം ആദ്യം സാങ്കേതിക രംഗത്തെ സംയുക്ത സംരംഭം അവസാനിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിസ്സാനും രംഗത്തെത്തി.