ഇന്ത്യയിൽ‌ തിരിച്ചു വിളിച്ചത് 22.4 ലക്ഷം വാഹനങ്ങൾ

കഴിഞ്ഞ നാലു വർഷം കൊണ്ട് ഇന്ത്യയിൽ തിരിച്ചു വിളിച്ചത് 22.4 ലക്ഷം കാറുകൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്ച്ചറേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2012 ജൂണ്‍ മുതൽ 2016 മെയ് വരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ഇതിൽ 10.1 ലക്ഷം കാറുകളും 2015 ൽ തിരിച്ചു വിളിച്ചവയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

2012 മുതൽ 2015 വരെ ഏകദേശം 1.056 കോടി കാറുകളാണ് ഇന്ത്യയിൽ വിറ്റിട്ടുള്ളത്. എന്നാൽ വിൽപ്പന കണക്കുകളും തിരിച്ചുവിളിയുമായി വലിയ ബന്ധമില്ലെന്ന് സിയാം ചൂണ്ടിക്കാണിക്കുന്നു. തിരിച്ചു വിളിപ്പിക്കപ്പെട്ടവയിൽ 2007 ലും 2008 ലും നിർമിച്ച കാറുകളുണ്ട്. 2012 ൽ സിയാം വാഹനങ്ങളുടെ പരിശോധന ശക്തമാക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണു വാഹനനിർമാതാക്കൾ കൂടുതൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ തുടങ്ങിയത്.

ഇന്ത്യയിലെ തിരിച്ചുവിളിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഹോണ്ടയാണ്. ഏകദേശം 5.13 ലക്ഷം വാഹനങ്ങളാണ് ഹോണ്ട നാലു വർഷം കൊണ്ട് തിരിച്ചു വിളിച്ചിരിക്കുന്നത്. ഫോക്സ്‍‌വാഗൻ ( 4.02 ലക്ഷം) ഫോഡ് (3.70 ലക്ഷം), മാരുതി (2.82 ലക്ഷം), ജനറൽ മോട്ടോഴ്സ് (2.56 ലക്ഷം), മഹീന്ദ്ര (1.50 ലക്ഷം), സ്കോഡ (88,719), യമഹ ( 56,220), നിസാൻ (41,191), ഹോണ്ട മോട്ടോർസൈക്കിൾസ് (41,091), ടൊയോട്ട (15,752), റെനോ (9770), ഔഡി (7165), ഹാർലി ഡേവിഡ്സൺ (3698), ഹ്യുണ്ടേയ് (2437), പോർഷെ (1699), ജാഗ്വർ ലാൻഡ് റോവർ (517) തുടങ്ങിയവരാണ് വാഹനങ്ങളെ തിരിച്ചു വിളിച്ച മറ്റു നിർമാതാക്കൾ.