എൻജിൻ: സ്വന്തം സാങ്കേതികവിദ്യ വേണമെന്നു ഗഢ്കരി

പരിസ്ഥിതി സൗഹൃദ എൻജിനുകൾക്കായി സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ കാർ നിർമാതാക്കളോട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരിയുടെ ആഹ്വാനം. ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ഇത്തരം സാങ്കേതികവിദ്യകൾ സ്വയം വികസിപ്പിച്ചെടുക്കുന്നത് റോയൽറ്റി ഇനത്തിലുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. യന്ത്രഘടകങ്ങൾ 90 ശതമാനത്തോളം പ്രാദേശികമായി സമാഹരിച്ചിട്ടും ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഇപ്പോഴും 4,000 കോടിയിലേറെ രൂപ സാങ്കേതികവിദ്യയ്ക്കുള്ള റോയൽറ്റിയാൽ ഓരോ വർഷവും മുടക്കുന്നുണ്ട്. ആഭ്യന്തര സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കഴിഞ്ഞാൽ ഈ ഭീമമായ ചെലവ് ഒഴിവാക്കാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണു രാജ്യം. ഇത്തരം നീക്കങ്ങൾക്കു കരുത്തേകാൻ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി അഭ്യന്തര സാങ്കേതികവിദ്യ വികസിപ്പിക്കാൻ വാഹന നിർമാതാക്കൾ ശ്രമിക്കണമെന്ന് ഗഢ്കരി നിർദേശിച്ചു. ഇന്ധനം തിരഞ്ഞെടുക്കാൻ സ്വാതന്ത്യ്രം നൽകുന്ന എൻജിൻ സാങ്കേതിക വിദ്യകളാണു ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ നിലവിലുള്ളത്. അവിടെ ഫോക്സ്വാഗനും ഫോഡും ടൊയോട്ടയും ഹോണ്ടയും ഹ്യുണ്ടേയുമൊക്കെ ‘ഫ്ളെക്സ് ഫ്യുവൽ’ സാധ്യമാക്കുന്ന കാറുകളാണു വിൽക്കുന്നത്. ഒരേ ടാങ്കിൽ പെട്രോളോ എതനോളോ നിറയ്ക്കാനുള്ള സൗകര്യവും ബ്രസീലിൽ ലഭ്യമാണെന്നു ഗഢ്കരി ചൂണ്ടിക്കാട്ടി.

കരിമ്പിൽ നിന്നും ഗോതമ്പിൽ നിന്നും നെല്ലിൽ നിന്നുമൊക്കെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നതാണ് എതനോളിന്റെ പ്രധാന സവിശേഷത. കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ രംഗത്തെ വൈവിധ്യവൽക്കരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഊർജം, വൈദ്യുതി, ബയോ പ്ലാസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകരെ കരകയറ്റാനാണു നീക്കം. കൂടാതെ ജൈവ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുക വഴി അസംസ്കൃത എണ്ണ ഇറക്കുമതിക്കുള്ള ചെലവ് കുറയ്ക്കാനുമാവുമെന്നു ഗഢ്കരി വിശദീകരിച്ചു. പ്രതിവർഷം എട്ടു ലക്ഷം കോടി രൂപയാണ് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതിക്കായി ചെലവഴിക്കുന്നത്.