ഇന്ത്യയിലെ കാറുകളിൽ ‘പുകമറ’യില്ലെന്നു ഫോക്സ്‌വാഗൻ

ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമില്ലെന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ. മലിനീകരണ നിയന്ത്രണ പരിശോധനയിൽ കൃത്രിമം കാട്ടാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്റെ പശ്ചാത്തലത്തിലാണു കമ്പനിയുടെ വിശദീകരണം.രാജ്യത്തു ബാധകമായ മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്ന വാഹനങ്ങളാണ് ഇന്ത്യയിൽ വിൽക്കുന്നതെന്നു രേഖാമൂലം ഉറപ്പു നൽകാനായിരുന്നു ഫോക്സ്‌വാഗനോടു ട്രൈബ്യൂണൽ നിർദേശിച്ചത്. ഇതിനു മറുപടിയായി ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നില്ലെന്നു ഫോക്സ്‌വാഗൻ ഉറപ്പു നൽകി.

കാറുകളിൽ ‘പുകമറ സോഫ്റ്റ്‌വെയറി’ന്റെ സാന്നിധ്യം ഇല്ലെന്നു വിശ്വസിക്കാനുള്ള കാരണങ്ങളും ഫോക്സ്വാഗൻ നിരത്തിയിട്ടുണ്ട്. പോരെങ്കിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യുടെ മേൽനോട്ടത്തിൽ ഫോക്സ‌്‌വാഗൻ ഗ്രൂപ് ഇന്ത്യ നടത്തിയ പരിശോധനകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോക്സ്വാഗനു പുറമെ സ്കോഡ, ഔഡി ബ്രാൻഡുകളിൽപെട്ട കാറുകളിലും ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമില്ലെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. എങ്കിലും ദേശീയ ഹരിത ട്രൈബ്യൂണൽ അനുവദിച്ച സമയപരിധി പാലിച്ചുതന്നെ ഈ ഉത്തരവിനോടു പ്രതികരിക്കുമെന്നും ഫോക്സ്വാഗൻ ഗ്രൂപ് ഇന്ത്യ വ്യക്തമാക്കി.ഇന്ത്യയിൽ ‘പുകമറ’ സോഫ്റ്റ്‌വെയറുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച വാഹനം വിൽക്കരുതെന്നും ഇതുസംബന്ധിച്ച് രേഖാമൂലം ഉറപ്പു നൽകണമെന്നമായിരുന്നു ഫോക്സ്‌വാഗനോട് ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്.

യു എസും യൂറോപ്പുമടക്കമുള്ള ആഗോളവിപണികളിൽ വിറ്റ 1.10 കോടിയോളം ഡീസൽ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു ഫോക്സ‌്‌വാഗൻ കഴിഞ്ഞ സെപ്റ്റംബറിൽ സമ്മതിച്ചത്. കർശന മലിനീകരണ നിയന്ത്രണ മാനദണ്ഡം പാലിക്കുന്ന രാജ്യങ്ങളിലെ പുക പരിശോധനയെ അതിജീവിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയതാണ് ഫോക്സ്‌വാഗനു വിനയായത്. ഇതേത്തുടർന്നു യു എസിലെ നീതിന്യായ വകുപ്പ് നൽകിയ ഹർജിയിൽ ഫോക്സ്വാഗൻ 9000 കോടി ഡോളർ (ഏകദേശം ആറു ലക്ഷം കോടി രൂപ) പിഴയടയ്ക്കേണ്ടി വരുമെന്നാണു സൂചന. അതേസമയം ഇതേ കുറ്റത്തിന് ഫോക്സ‌്‌വാഗൻ ഇന്ത്യയിൽ പിഴ അടയ്ക്കേണ്ടിവരുന്ന പിഴ 32 കോടിയോളം രൂപ മാത്രമാണ്. ഗുണനിലാവരമില്ലാത്ത യന്ത്രഭാഗങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നവരോട് ഓരോ വാഹനത്തിനും 1,000 രൂപ വീതം പിഴ ഈടാക്കാമെന്നാണ് മോട്ടോർ വാഹന നിയമത്തിലെ 182 എ വകുപ്പിലുള്ളത്.

ഇ എ 189 ശ്രേണിയിലെ ഡീസൽ എൻജിനുകളുടെ പരിശോധനാവേളയിൽ യഥാർഥ മലിനീകരണ നിലവാരം മറയ്ക്കുന്ന ‘പുകമറ’ സോഫ്റ്റ്‌വ‌‌െയറിന്റെ സാന്നിധ്യത്തിന്റെ പേരിൽ ഇന്ത്യയിൽ മൊത്തം 3,23,700 കാറുകൾ തിരിച്ചുവിളിക്കേണ്ടി വരുമെന്നാണു ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കണക്ക്. അതുകൊണ്ടുതന്നെ ഫോക്സ്‌വാഗനു പുറമെ ഓഡിയും സ്കോഡയുമൊക്കെ വിറ്റ കാറുകൾക്കും 1,000 രൂപ വീതം പിഴശിക്ഷ വിധിച്ചാൽ ഇന്ത്യയിൽ ഗ്രൂപ് അടയ്ക്കേണ്ടിവരിക 32.37 കോടി രൂപയാവും.