പാകിസ്ഥാനിലെ വിൽപ്പന ഇന്ത്യൻ കാർ കയറ്റുമതിയുടെ നാലിലൊന്ന്

പാകിസ്ഥാലെ മൊത്തം കാർ ഉൽപ്പാദനത്തിന്റെ നാലിരട്ടിയോളമാണ് ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയെന്നു കണക്കുകൾ. പാകിസ്ഥാൻ ഓട്ടമോട്ടീവ് മാനുഫാക്ചറേഴ്സ് അസോസിയേഷനിൽ നിന്നുള്ള കണക്കുകളാണ് ഈ താരതമ്യത്തിന് അടിസ്ഥാനം. ഇന്ത്യയിൽ 2014 — 15ൽ 23.56 ലക്ഷം യാത്രാ കാറുകളാണു വിറ്റത്. ഇതേകാലത്തു പാകിസ്ഥാനിൽ വിറ്റതാവട്ടെ 1.52 ലക്ഷം കാറുകളും. അക്കൊല്ലം ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി തന്നെ 5.74 ലക്ഷം യൂണിറ്റായിരുന്നു. പാകിസ്ഥാനിൽ വിറ്റ 1.52 ലക്ഷം കാറുകളുമായി താതരമ്യം ചെയ്താൽ 2014 — 15ലെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തന്നെ നാലിരട്ടിയോളമാകുമെന്നു വ്യക്തം.കാർ നിർമാണവും വിൽപ്പനയും സംബന്ധിച്ച ഈ സ്ഥിതിവിവര കണക്കുകൾ കടുത്ത അപമാനമാണു സൃഷ്ടിച്ചതെന്നായിരുന്നു പാകിസ്ഥാൻ ഓട്ടമോട്ടീവ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(പി എ എം എ) അംഗത്തിന്റെ പ്രതികരണം. കാർ വ്യവസായത്തിൽ ഇന്ത്യയുമായി പാകിസ്ഥാനു താരതമ്യം പോലുമില്ലെന്ന് അംഗീകരിച്ച ഈ അസോസിയേഷൻ അംഗം പേരു വെളിപ്പെടുത്താനും വിസമ്മതിച്ചു.

മധ്യ ഏഷ്യയിലേക്കുള്ള പ്രവേശന കവാടമായി പരിഗണിക്കപ്പെടുന്ന പാകിസ്ഥാനിലെ ആഭ്യന്തര കാർ നിർമാണ മേഖല ദുർബലമാണെന്നതാണു പ്രധാന പോരായ്മ. അതേസമയം ഇന്ത്യൻ കാർ നിർമാതാക്കളാവട്ടെ വിദേശത്തു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അശോക് ലേയ്ലൻഡും ഹീറോ മോട്ടോ കോർപും പോലുള്ള ഇന്ത്യൻ കമ്പനികളിൽ വിവിധ വിദേശ രാജ്യങ്ങളിൽ നിർമാണശാലകൾ സ്ഥാപിച്ചു പ്രവർത്തനം വിപുലീകരിച്ചു വരികയാണ്. ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുക്കുക വഴി ടാറ്റ മോട്ടോഴ്സും കൊറിയൻ നിർമാതാക്കളായ സാങ്യങ് മോട്ടോഴ്സിനെ സ്വന്തമാക്കി മഹീന്ദ്രയും ആഗോളതലത്തിൽ കഴിവു തെളിയിക്കുകയും ചെയ്തിരുന്നു. സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമല്ലാത്തതിനാൽ പാകിസ്ഥാനിലെ ഉപയോക്താക്കൾക്ക് ആഭ്യന്തര മോഡലുകളേക്കാൾ ജാപ്പനീസ് നിർമിത വാഹനങ്ങളോടാണു പ്രതിപത്തി. കൂടുതൽ സുരക്ഷയും ഗുണമേന്മയുമുള്ള ഇത്തരം കാറുകൾ പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണു പാകിസ്ഥാനി ഉപയോക്താക്കളുടെ വിലയിരുത്തൽ.


അതുകൊണ്ടുതന്നെ വിദേശ നിർമാതാക്കളെ സംബന്ധിച്ചിടത്തോളം പഴഞ്ചൻ മോഡലുകൾ കൊണ്ടുവന്നു തള്ളാവുന്ന വിപണിയായി പാകിസ്ഥാൻ മാറിയെന്നും പി എ എം എ വിലപിക്കുന്നു. ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചതും ന്യായവിലയ്ക്കു ലഭിക്കുന്നതുമായ പുത്തൻ കാർ സ്വന്തമാവാനുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളുമെന്നും അസോസിയേഷൻ കരുതുന്നു. നിർമാണമേഖലയിൽ പാരമ്പര്യവും പ്രൗഢിയുമൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലെ ‘മെയ്ക്ക് ഇൻ പാകിസ്ഥാൻ’ പോലുള്ള പ്രചാരണം പോലും അടുത്തെങ്ങും സാധ്യമാവില്ലെന്നും പി എ എം എ വിലയിരുത്തുന്നു.