ഇന്ത്യൻ കാറുകൾ സുരക്ഷയിൽ വട്ടപൂജ്യം

ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ തകർന്ന് ഇന്ത്യൻ കാറുകൾ. സുരക്ഷാ പരീക്ഷ നടത്തിയ കാറുകളെല്ലാം സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണെന്നാണ് എൻസിഎപി കണ്ടെത്തിയത്. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഏഴു കാറുകളിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ ഒരുകാർ പോലും സുരക്ഷിതമല്ലെന്ന് കണ്ടെത്തി എന്നാണ് ഗ്ലോബൽ എൻസിഎപി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. മുന്നിൽ നിന്നുള്ള ക്രാഷ് ടെസ്റ്റാണ് എൻസിഎപി നടത്തിയത്, 64 കലോമീറ്ററായിരുന്നു വേഗത.

വരുന്നു ഭാരത് ക്രാഷ് ടെസ്റ്റ്

Renault Kwid

റെനോ ക്വിഡിന്റെ മൂന്ന് വകഭേദങ്ങൾ, മഹീന്ദ്ര സ്കോർപിയോ, ഹ്യുണ്ടേയ് ഇയോൺ, മാരുതി സുസുക്കി ഈക്കോ, മാരുതി സുസുക്കി സെലേറിയോ എന്നീ വാഹങ്ങളാണ് സുരക്ഷ പരിശോധനയ്ക്ക് വിധേയമായത്. റെനോ ക്വിഡിന്റെ എയർബാഗില്ലാത്ത രണ്ടു മോഡലുകളും എയർബാഗുള്ള ഒരു മോഡലുമാണു ക്രാഷ് ടെസ്റ്റ് നടത്തിയത്. എയർബാഗില്ലാത്ത രണ്ടു മോഡലിൽ ഒന്ന് 2016 ഏപ്രിലിനു ശേഷം പുറത്തിറങ്ങിയ മോഡലാണ്. ഡ്രൈവർ സൈഡ് എയർബാഗുള്ള മോഡലിലും, എയർബാഗ് ഇല്ലാത്ത മോഡലിനും ക്രാഷ് ടെസ്റ്റിൽ പൂജ്യം സ്റ്റാറാണ് ലഭിച്ചത്. എന്നാൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മൂന്നു മോഡലുകൾക്കും രണ്ട് സ്റ്റാർ ലഭിച്ചു.

മഹീന്ദ്രയുടെ എസ് യു വി സ്കോർപ്പിയോയുടെ എയർബാഗില്ലാത്ത മോഡലാണ് ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ചത്. സ്കോർപ്പിയോയും സുരക്ഷയുടെ കാര്യത്തിൽ വട്ടപൂജ്യമാണെന്നാണ് ഗ്ലോബൽ എൻസിഎപി കണ്ടത്തിയത്. മുൻ സീറ്റ് യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ പൂജ്യം സ്റ്റാർ നേടിയ സ്കോർപ്പിയോ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ രണ്ട് സ്റ്റാർ നേടി.

ഹ്യുണ്ടേയ്‌യുടെ ജനപ്രിയ ഹാച്ച് ഇയോണും സുരക്ഷയുടെ കാര്യത്തിൽ പരാജയം രുചിച്ചു. ക്രാഷ് ടെസ്റ്റിൽ പൂജ്യം സ്റ്റാർ ലഭിച്ച ഇയോണിന് കുട്ടികളുടെ സുരക്ഷയിൽ രണ്ട് സ്റ്റാറുകളുണ്ട്.

മാരുതി സുസുക്കിയുടെ ഈക്കോയാണ് പരീക്ഷണത്തിന് വിധേയമായ മറ്റൊരു കാർ. ഈക്കോയുടെ എയർബാഗുള്ള മോഡലുകൾ കമ്പനി നൽകുന്നില്ല. മുതിർന്നവരുടെ സുരക്ഷയിൽ പൂജ്യം സ്റ്റാർ നൽകുന്ന ലഭിച്ച ഈക്കോയ്ക്ക് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു സ്റ്റാറാണു ലഭിച്ചത്.

മാരുതി സെലേറിയോയാണ് പരീക്ഷണത്തിന് വിധേയമായ മറ്റൊരു കാർ. സെലേറിയോയുടെ എയർബാഗില്ലാത്ത മോഡലായിരുന്നു ക്രഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ പൂജ്യം സ്റ്റാർ ലഭിച്ച സെലേറിയോ എന്നാൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ രണ്ട് സ്റ്റാർ സ്വന്തമാക്കി.

നേരത്തെ 2014 ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് കാറുകളുടെ സുരക്ഷ എൻസിഎപി പരിശോധിച്ചിരുന്നു. അഞ്ചു കാറുകൾക്കും പൂജ്യം സ്റ്റാറുകളായിരുന്നു സുരക്ഷയുടെ കാര്യത്തിൽ കാറുകൾക്കന്നു ലഭിച്ചത്. തുടർന്ന് 2014 നവംബറിൽ ഡാറ്റ്സൺ ഗോയിലും, സ്വിഫ്റ്റിലും ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. ഇരുവാഹനങ്ങളും സുരക്ഷിതമാല്ലെന്ന് എൻഎസിഎപി അന്നു വെളിപ്പെടുത്തിയിരുന്നു.