റഷ്യൻ സാങ്കേതിക വിദ്യയുമായി ഐ എൻ എസ് വിക്രാന്ത്

കൊച്ചി കപ്പൽ ശാലയിൽ നിർമിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യൻ സാങ്കേതിക വിദ്യകളെന്ന് സൂചന. ഡിഫൻസ് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കപ്പലിനു നൽകുമെന്നു റഷ്യൻ പ്രതിരോധ ഉപകരണ നിർമാണ കോർപറേഷനായ റോസ്ടെക്കാണ് വ്യക്തമാക്കിയത്. ഇന്ത്യൻ നാവികസേനാ വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ലെങ്കിലും രാജ്യത്ത് ആദ്യമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലിനു റഷ്യൻ പിന്തുണയുണ്ടാകുമെന്നാണു സൂചന.

റഷ്യൻ ന്യൂസ് ഏജൻസിയായ ആർഐഎ നൊവോസ്തിയ്ക്കു നൽകിയ അഭിമുഖത്തിൽ റോസ്ടെക്കിന്റെ രാജ്യാന്തര കോർപ്പറേഷൻ വിഭാഗം മേധാവി വിക്ടർ ക്ലാദോവാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡൻസ് സംവിധാനം, വ്യോമ പ്രതിരോധ സംവിധാനം തുടങ്ങിയ സാങ്കേതിക വിദ്യകൾ വിക്രാന്തിനു നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ ഇന്ത്യയ്ക്കു സ്വന്തമായുള്ള ഐഎൻഎസ് വിക്രമാദിത്യ റഷ്യയിൽ നിന്നു സ്വന്തമാക്കിയതാണ്. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി ഏറ്റവുമധികം ഇടപാടുകൾ നടത്തുന്ന രാജ്യമാണു റഷ്യ. കഴിഞ്ഞ ഡിസംബറിൽ റഷ്യയുമായുള്ള 40,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണു ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയത്. ഈ വർഷം അവസാനത്തോടെ ഇരുന്നൂറ് കാമോവ്-226ടി ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ ഇന്ത്യയുമായി ചേർന്നു നിർമിക്കാനുള്ള കരാറിൽ ഒപ്പിടുമെന്നും വിക്ടർ ക്ലാദോവ് പറഞ്ഞു.

വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം(ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്(ഭെൽ). കപ്പലുകളുടെയും അന്തർവാഹിനികളുടെയും എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവർ മാനേജ്മെന്റ് സംവിധാനവും ഉൾപ്പെടുന്ന ഐപിഎംഎസ് ആണു ഐഎൻഎസ് വിക്രാന്തിനു വേണ്ടി ബെൽ തയാറാക്കുന്നത്. ദിവസങ്ങൾക്കു മുൻപു ഭെല്ലിന്റെ ആസ്ഥാനത്തു നടന്ന ഫൈനൽ ഇന്റഗ്രേറ്റഡ് ഫാക്ടറി അക്സപ്റ്റൻസ് ടെസ്റ്റിൽ(ഐഎഫ്എടി) നാവികസേനയുടെയും കൊച്ചിൻ ഷിപ്‌യാർഡിന്റെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം പങ്കെടുത്തിരുന്നു. കൊൽക്കത്ത ക്ലാസ് കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ എന്നിവയ്ക്കു വേണ്ടി ആക്സിലറി കൺട്രോൾ സംവിധാനം ഒരുക്കിയതിന്റെ മികവാണു ഭെല്ലിനു കരുത്തായത്. ഇറ്റലി കേന്ദ്രമായ ജിഇ-ഏവിയോ എന്ന കമ്പനിയുടെ സഹകരണത്തോടെയാണു ഐപിഎംഎസ് തയാറാക്കിയത്.

2009 ഫെബ്രുവരി 28നാണു ഐഎൻഎസ് വിക്രാന്തിന്റെ നിർമാണജോലികൾ കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഒൗദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികൾ പൂർത്തിയായതോടെ കഴിഞ്ഞ ജൂണിൽ കപ്പൽ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുൾപ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തിൽ കടലിലെ പരീക്ഷണങ്ങൾക്കു വേണ്ടി കപ്പൽ മാറ്റുക. അടുത്ത വർഷം കടലിലെ പരീക്ഷണ സഞ്ചാരത്തിനു കപ്പൽ തയാറാകുമെന്നും 2018ൽ നാവികസേനയ്ക്കു കൈമാറുമെന്നുമാണു സൂചന.