‘ഷെവർലെ’ കാറുകളുടെ ഇറക്കുമതി വിലക്കി ഇറാൻ

യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ‘ഷെവർലെ’ ബ്രാൻഡ് കാറുകളുടെ ഇറക്കുമതി ഇറാൻ നിരോധിച്ചു. യു എസിൽ നിന്നുള്ള കാർ ഇറക്കുമതിയെ രാജ്യത്തെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി വിമർശിച്ചതിനു പിന്നാലെയാണു പുതിയ തീരുമാനം. യു എസിൽ നിന്നു കാറുകൾ ഇറക്കുമതി ചെയ്യുന്നതിനു പകരം രാജ്യത്ത് ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ആയത്തൊള്ള ഖമേനിയുടെ നിലപാട്.

വ്യവസായ, ഖനി, വ്യാപാര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിലെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ‘ഷെവർലെ’ ഇറക്കുമതി നിരോധിച്ച വിവരം പ്രസിദ്ധപ്പെടുത്തിയത്. 70 ലക്ഷം ഡോളർ (ഏകദേശം 46.56 കോടി രൂപ) ചെലവിൽ യു എസിൽ നിന്ന് 200 ഷെവർലെ കാറുകൾ വാങ്ങാനുള്ള തീരുമാനമാണ് ഇറാൻ റദ്ദാക്കുന്നത്.

ഇറക്കുമതി അനുവദിക്കില്ലെന്നു കാറുകൾക്ക് ഓർഡർ നൽകിയ വ്യക്തിയെ ഇറാൻ അറിയിച്ചതായാണു സൂചന. കാറുകൾ രാജ്യത്തെത്തുകയോ ഇറാനിലേക്കുള്ള യാത്രയ്ക്കായി കപ്പലിൽ കയറ്റുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വാദിക്കുന്നു. ദക്ഷിണ കൊറിയ വഴിയാണു ജി എം ഇറാനിലേക്കു കാർ ഇറക്കുമതി ചെയ്യാനിരുന്നത്. അതേസമയം, ഇറാനിൽ നിന്നു കാറുകൾക്ക് ഓർഡർ നൽകിയത് ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.

പണ്ട് യു എസ് നിർമിത കാറുകളുടെയും ട്രക്കുകളുടെയും പ്രധാന വിപണിയായിരുന്നു ഇറാൻ. എന്നാൽ 1979ലെ ഇസ്ലാമിക വിപ്ലവത്തോടെയാണു കാര്യങ്ങൾ മാറി മറിഞ്ഞത്. യു എസ് വ്യാപാര ഉപരോധം ഏർപ്പെടുത്തിയതിനൊപ്പം ഇറാൻ സ്വന്തം നിലയ്ക്ക് നടപ്പാക്കിയ വിലക്കുകളും കാർ — ട്രക്ക് കച്ചവടത്തെ പ്രതിസന്ധിയിലേക്കു നയിക്കുകയായിരുന്നു.

യുഎസ് അടക്കമുള്ള വിവിധ ലോകരാജ്യങ്ങളുമായി കഴിഞ്ഞ വർഷം ഇറാൻ ആണവ കരാർ സംബന്ധിച്ചു ധാരണയിലെത്തിയതോടെയാണു വാഹന വ്യാപാരമേഖലയ്ക്കു വീണ്ടും പ്രതീക്ഷ ഉദിച്ചത്. വിവിധ വ്യാപാര വിലക്കുകൾ നീങ്ങുക കൂടി ചെയ്തതോടെ ജനുവരിയിലാണ് ഇറാൻ ഏതാനും ‘ഷെവർലെ’ മോഡലുകളുടെ ഇറക്കുമതി അനുവദിച്ചത്. എന്നാൽ വ്യവസായ മന്ത്രാലയം നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇപ്പോൾ അവശേഷിക്കുന്നത് ബി എം ഡബ്ല്യു, ഹ്യുണ്ടേയ്, പോർഷെ തുടങ്ങിയ വിദേശ നിർമാതാക്കളുടെ മോഡലുകൾ മാത്രമാണ്.

ഇതിനിടയിലാണു യു എസ് നിർമിത കാറുകൾക്കെതിരെ ഖമേനി രംഗത്തെത്തിയത്. ഭാരക്കൂടുതലും കുറഞ്ഞ ഇന്ധനക്ഷമതയും മൂലം യു എസിൽ നിർമിക്കുന്ന ചില കാറുകൾ അമേരിക്കകാർക്കു പോലും വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ യു എസ് നിർമിത കാറുകളുടെ ഇറക്കുമതി ഉപേക്ഷിച്ച് ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഖമേനി നിർദേശിച്ചു.