ഇസൂസു ഇന്ത്യയെ നയിക്കാൻ ഹിതൊഷി കൊനാ

Hitoshi Kono

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയുടെ തലപ്പത്ത് അഴിച്ചുപണി. കമ്പനിയെ നയിച്ചിരുന്ന ഷിഗെരു വാകബാഷിക്കു പകരം ഹിതൊഷി കൊനായാണ് ഇസൂസു ഇന്ത്യയുടെ പുതിയ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ. ഇസൂസു ബിസിനസ് ഡിവിഷനിലെ ഇസൂസു ഏഷ്യ ഡിപ്പാർട്ട്മെന്റിൽ ജനറൽ മാനേജരായിരുന്നു കൊനൊ. ഇന്ത്യയിലെ സ്ഥാനമൊഴിയുന്നതോടെ വകബയാഷി ജപ്പാനിലെ മിറ്റ്സുബിഷി കോർപറേഷനിൽ ഇസൂസു ബിസിനസ് ഡിവിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ചുമതലയേൽക്കും.

ഈ 14 മുതലാണു വകബയാഷിയുടെ പിൻഗാമിയായി കൊനൊ ചുമതലയേൽക്കുന്നത്. ആഗോള വിപണികളിൽ മൂന്നു പതിറ്റാണ്ടോളം നീളുന്ന പ്രവർത്തന പരിചയവുമായാണു കൊനൊ ഇന്ത്യയിൽ ഇസൂസുവിനെ നയിക്കാനെത്തുന്നത്. ഇതുവരെ ജപ്പാനിലെ മിറ്റ്സുബിഷി കോർപറേഷനിൽ ഇസൂസു ഏഷ്യ ഡിപ്പാർട്ട്മെന്റിന്റെ ചുമതലക്കാരനായിരുന്നു അദ്ദേഹം. ഓസ്ട്രേലിയയിൽ ‘ഡി മാക്സ്’ ഇറക്കുമതി ചെയ്തു വിൽക്കാനാി ഇസൂസു യു ടി ഇ ഓസ്ട്രേലിയ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു.

ഇസൂസു ഇന്ത്യ ടീമിന്റെ ഭാഗമാവുന്നതിൽ ആഹ്ലാദമുണ്ടെന്ന് കൊനൊ പ്രതികരിച്ചു. ഇന്ത്യയിൽ ഇസൂസുവിനു മികച്ച ഭാവി ഉറപ്പാക്കാനുള്ള അടിത്തറയാണു വകബയാഷി സ്ഥാപിച്ചിരിക്കുന്നത്. ഇതു യാഥാർഥ്യമാkkക്കുകയെന്ന വെല്ലുവിളി ആവേശപൂർവം ഏറ്റെടുക്കുകയാണ്. ഇന്ത്യയിൽ മികച്ച നേട്ടം കൊയ്യാൻ ഇസൂസുവിനു കഴിയുമെന്നും കൊനൊ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഇതുവരെയുള്ള അനുഭവം രസകരമായിരുന്നെന്നായിരുന്നു സ്ഥാനമൊഴിയുന്ന വകബയാഷിയുടെ വിലയിരുത്തൽ. ചുരുങ്ങിയ കാലത്തിനിടെ ഇസൂസു മോട്ടോഴ്സ് ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകളിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുങ്ങിയ കാലത്തിനിടെ വിപണിയിൽ അതിവേഗം മുന്നേറാൻ ഇസൂസുവിനു കഴിഞ്ഞെന്നും വകബയാഷി അവകാശപ്പെട്ടു.