ലെ മാൻസിൽ പോരാട്ടത്തിനു ജാക്കി ചാന്റെ ടീമും

കാറുകളുടെ കാര്യക്ഷമതാ പരിശോധനയിലെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന ലെ മാൻസിൽ മത്സരിക്കാൻ ജാക്കി ചാനുമെത്തുന്നു. ഹോളിവുഡ് താരങ്ങളും മോട്ടോർ റേസിങ്ങുമായി എല്ലാക്കാലത്തും ഗാഢബന്ധം പുലർത്തി പോന്നിരുന്നു. പോൾ ന്യൂമാനും സ്റ്റീവ് മക്ക്വീനും പാട്രിക് ഡെംസിയുമൊക്കെ തെളിച്ച പാതയിലൂടെയാണ് ഇപ്പോൾ ജാക്കി ചാന്റെയും വരവ്.

അവിശ്വസനീയ ആക്ഷൻ രംഗങ്ങളിലുടെ പ്രേക്ഷകലക്ഷങ്ങളെ വിസ്മയിപ്പിച്ച നടനും സംവിധായകനുമൊക്കെയായ ജാക്കി ചാൻ ലെ മാൻസിലെത്തുന്നതു പക്ഷേ മുൻഗാമികളെ പോലെ റേസ് ഡ്രൈവറുടെ റോളിലല്ല; പകരം റേസിങ് ടീമിന്റെ സഹ ഉടമയായിട്ടാണ്. ഡി സി റേസിങ് ടീം ഏറ്റെടുത്തതോടെയാണു ജാക്കി നചാനു ടീമിന്റെ സഹ ഉടമയെന്ന പുതിയ റോൾ സ്വന്തമായത്. ബാക്സി ഡി സി റേസിങ് ടീമെന്ന പുതിയ പേരു സ്വീകരിച്ച ടീം 2015 — 16 സീസണിൽ ഏഷ്യൻ ലെ മാൻസ് സീരീസിൽ എൽ എം പി ത്രി ക്ലാസിൽ ആധിപത്യം പുലർത്തിയിരുന്നു.

ഡ്രൈവർമാരായ ഹോ പിൻ തുങ്, ടീം സഹ സ്ഥാപകൻ ഡേവിഡ് ചെങ്, ഫ്രഞ്ചുകാരനായ തോമസ് ലോറന്റ് എന്നിവരായിരുന്നു കഴിഞ്ഞ സീസണിൽ ടീമിനായി ‘ലൈഗർ ജെ എസ് പി ത്രി’യിൽ മത്സരിച്ചത്. നാലു റേസുകളിൽ നാലിലും ജേതാക്കളായാണു ടീം ഈ വിഭാഗത്തിലെ ചാംപ്യൻ പട്ടവുമായി കളം വിട്ടത്.

കാറുകളുടെ കാര്യക്ഷമത അളക്കുന്ന എൻഡ്യൂറൻസ് റേസിങ്ങിന്റെ കൊടുമുടിയായ ലെ മാൻസിലെ പോരാട്ടത്തിനാണു ടീം ഇപ്പോൾ തയാറെടുക്കുന്നത്. സ്പാർക്ൾ റോൾ ഗ്രൂപ് — ജാക്കി ചാൻ ഡി സി റേസിങ് എന്ന പേരിൽ മത്സരിക്കുന്ന ടീം ജൂണിൽ നടക്കുന്ന, 24 മണിക്കൂർ നീളുന്ന ലെ മാൻസിലേക്ക് എൻട്രി നേടിയിട്ടുണ്ട്. കൂടാതെ വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ് (ഡബ്ല്യു ഇ സി) സീസണിലും ടീം മത്സരിക്കും. എൽ എം പി ടു ക്ലാസിൽ ‘ആൽപൈൻ എ 460 നിസ്സാനി’ലാവും ടീമിന്റെ പടയോട്ടം; ചെങ്ങും തുങ്ങും തന്നെയാവും ടീമിന്റെ സാരഥികൾ. കാറിലെ ‘ഒറിക 05’ ഷാസിയെ ‘ആൽപൈൻ’ എന്നു റീബാഡ്ജ് ചെയ്താണു ടീം അവതരിപ്പിക്കുന്നത്.

ഏഷ്യ ലെ മാൻസ് സീരീസിലെ മികച്ച പ്രകടനത്തിന്റെ തുടർച്ചയായി ഡബ്ല്യു ഇ സിയിലും 24 മണിക്കൂർ നീളുന്ന ലെ മാൻസിന്റെ 84—ാം പതിപ്പിലും ടീമിനു മത്സരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നു ജാക്കി ചാൻ(61) പ്രതികരിച്ചു.

ചൈനയിലെ മോട്ടോർ സ്പോർട്ടും ഡ്രൈവർ വികസനവും പ്രോത്സാഹിപ്പിക്കാനാണു ഡേവിഡ് ചെങ്ങിനൊപ്പം ടീം രൂപീകരിച്ചതെന്നു ചാൻ വ്യക്തമാക്കി. ഹോങ്കോങ്ങിൽ നിന്നു തന്നെയുള്ള ചെങ്ങിന്റെയും തുങ്ങിന്റെയും സാരഥ്യത്തിൽ ടീം ലെ മാൻസിൽ പോരാട്ടത്തിനിറങ്ങുമ്പോൾ പ്രോത്സാഹിപ്പിക്കാൻ താൻ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ക്രിസ് ടക്കറിനൊപ്പം ‘റഷ് അവർ’ പരമ്പരയിലെ സിനിമകളിൽ വേഷമിട്ടതാണു ജാക്കി ചാനെ ഹോളിവുഡിൽ പ്രശസ്തനാക്കിയത്. ജേഡൻ സ്മിത്തിനൊപ്പം വേഷമിട്ട, 2010ൽ പ്രദർശനത്തിനെത്തിയ ‘കരാത്തെ കിഡും’ ജാക്കി ചാൻ പ്രേക്ഷകശ്രദ്ധ നേടി.

അതേസമയം ഏഷ്യൻ പ്രേക്ഷകർക്കു ചാൻ പ്രിയങ്കരനാവുന്നത് എഴുപതുകളിലെ ബ്രൂസ് ലീ ക്ലാസിക്കുകളിലൂടെയാണ്. ‘ഫിസ്റ്റ് ഓഫ് ഫ്യൂറി’, ‘എന്റർ ദ് ഡ്രാഗൺ’ തുടങ്ങിയവയിൽ ലീക്കു ജീവനേകിയ ചാൻ 1995ൽ റേസിങ് ചിത്രമായ ‘തണ്ടർ ബോൾട്ടി’ലും അഭിനയിച്ചിരുന്നു.