ജാവ തിരിച്ചെത്തുന്നു

Jawa 250, Photo Courtesy: Facebook

ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്നു ജാവ ബൈക്കുകൾ. ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിനു മുമ്പ് ഇന്ത്യൻ നിരത്തുകളിലെ താരമായിരുന്നു ഈ ചെക്കോസ്ലോവാക്കിയൻ കമ്പനി. ജാവയും പിന്നീട് യെസ്ഡിയുമായി കളം നിറഞ്ഞ ഈ ബൈക്കുകൾക്കു ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിൽ പിടിച്ചു നിൽക്കാനായില്ല. 1960 ൽ ആരംഭിച്ച ജാവ യുഗം 1996 ൽ അവസാനിച്ചു.

ഇന്നും ആരാധകരേറെയുള്ള ജാവ ബൈക്കുകൾ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം തിരിച്ചെത്താനൊരുങ്ങുന്നു. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിൽ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്. പൂർണമായും പുതിയ ബൈക്കുകൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണു വിവരം.

മഹീന്ദ്ര ടൂ വീലറുകളുടെ ബ്രാൻഡിലല്ല, ജാവ എന്ന പേരിൽതന്നെയായിരിക്കും ബൈക്കുകൾ പുറത്തിറക്കുയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഏതു സെഗ്‍‌മെന്റിലാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2018-19 സാമ്പത്തിക വർഷത്തിലാവും ബൈക്കുകൾ പുറത്തിറക്കുക. കഴിഞ്ഞ ദിവസം സിഎൽപിഎൽ ബിഎസ്‌എയെ സ്വന്തമാക്കിയിരുന്നു. 34 ലക്ഷം പൗണ്ട് (ഏകദേശം 28 കോടി രൂപ) ചെലവിട്ടാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബ്രിട്ടിഷ് ഇരുചക്രവാഹന നിർമാതാക്കളായ ബിഎസ്എയെ സ്വന്തമാക്കിയത്. ബിഎസ്എ ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾ രാജ്യാന്തരതലത്തിൽ നിർമിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം സ്വന്തമായെങ്കിലും ബിഎസ്എയുടെ പേരിലിറക്കുന്ന ബൈക്കുകൾ പ്രധാനമായും യുഎസ്, യൂറോപ്യൻ വിപണിയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഫ്രഞ്ച് വാഹന നിർമാതാക്കളായ പിഎസ്എ ഗ്രൂപ്പിൽപെട്ട പ്യുഷൊ മോട്ടോർ സൈക്കിൾസിന്റെ (പിഎംടിസി) 51% ഓഹരികൾ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. എന്നാൽ പ്യുഷൊ മോട്ടോർ സൈക്കിൾസിന്റെ നിയന്ത്രണം ഏതു രീതിയിലാണു പ്രയോജനപ്പെടുത്തുകയെന്നു മഹീന്ദ്ര ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ കുറേ വർഷത്തിനിടെ മഹീന്ദ്ര വിവിധ വിദേശ വാഹന ബ്രാൻഡുകളെ സ്വന്തം കുടക്കീഴിലാക്കിയിട്ടുണ്ട്.

ഇറ്റാലിയൻ ഡിസൈൻ സ്ഥാപനമായ പിനിൻഫരിനയുടെ 76.06% ഓഹരികൾ കമ്പനി കഴിഞ്ഞ വർഷം വാങ്ങിയിരുന്നു; ഉപസ്ഥാപനമായ ടെക് മഹീന്ദ്ര വഴിയായിരുന്നു ഈ ഇടപാട്. നേരത്തെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌‌യോങ്ങിനെയും മഹീന്ദ്ര ഏറ്റെടുത്തിരുന്നു. കൈനറ്റിക് മോട്ടോഴ്സിനെ ഏറ്റെടുക്കുക വഴി ഇരുചക്രവാഹന ബ്രാൻഡായ എസ്‌വൈഎമ്മും മഹീന്ദ്രയുടെ പക്കലെത്തി. വൈദ്യുത കാർ നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന രേവ ഇലക്ട്രിക് കാർ കമ്പനിയെയും നേരത്തെ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു.