ഇന്ത്യയിലെ ‘ജീപ്പ്’ വിൽപ്പന അടുത്ത മാസം മുതൽ

Grand Cherokee

ഇന്ത്യയിലെ ‘ജീപ്പ്’ വിൽപ്പനയ്ക്ക് അടുത്ത മാസം തുടക്കമാവുമെന്നു ഫിയറ്റ് ക്രൈസ്ലറിലെ ജീപ്പ് ചീഫ് എക്സിക്യൂട്ടീവ് മൈക്ക് മാൻലി. ആദ്യ വർഷങ്ങളിൽ പ്രീമിയം എസ് യു വി ബ്രാൻഡായ ‘ജീപ്പി’ന് ഇന്ത്യയിൽ കാര്യമായ വിൽപ്പന പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തു നിർമിച്ച ‘ഗ്രാൻഡ് ചെറോക്കീ’യും ‘റാംഗ്ലറും’ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. അടുത്ത വർഷത്തോടെ ഇന്ത്യയിലെ ‘ജീപ്പ്’ വിൽപ്പന 1,500 — 2,000 യൂണിറ്റിലെത്തുമെന്നാണ് മാൻലിയുടെ കണക്കുകൂട്ടൽ. ഇക്കൊല്ലം പകുതിയോടെ ‘ജീപ്പ്’ ശ്രേണിയുടെ വിൽപ്പന സജീവമാക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ‘ജീപ്പി’നായി ഇന്ത്യയിൽ പിന്നീട് പ്രത്യേക ഡീലർഷിപ് ശൃംഖല സ്ഥാപിക്കുമെന്നും മാൻലി വ്യക്തമാക്കി. ഈ വർഷം അവസാനിക്കുമ്പോഴേക്ക് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഫിയറ്റ് ഡീലർഷിപ്പുകളിലെല്ലാം ‘ജീപ്പ്’ വിൽപ്പന തുടങ്ങാനാവുമെന്നും അദ്ദേഹം കരുതുന്നു.

Jeep Wrangler

ബ്രാൻഡ് സ്ഥാപിച്ചെടുക്കുകയെന്നതാണ് ഇന്ത്യയിൽ ‘ജീപ്പ്’ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നാണു മാൻലിയുടെ നിഗമനം. ഇന്ത്യൻ ഉപയോക്താക്കൾക്ക് ‘ജീപ്പ്’ പരിചിതമാണെന്നത് കമ്പനിക്ക് ഏറെ അനുകൂല ഘടകമാണ്. മുഖം തുടയ്ക്കുന്ന ടിഷ്യുവിനെ ‘ക്ലീനെക്സ്’ എന്നു വിശേഷിപ്പിക്കുംപോലെ വാഹന വിപണിയിലെ എസ് യു വി വിഭാഗത്തെ ‘ജീപ്പ്’ എന്നു വിളിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വില കുറഞ്ഞ എസ് യു വികളുടെ ധാരാളിത്തമാണ് ഇന്ത്യയിൽ ‘ജീപ്പ്’ നേരിടുന്ന മറ്റൊരു പ്രശ്നം. അതുകൊണ്ടുതന്നെ യഥാർഥ എസ് യു വി എന്താണെന്ന് ഇന്ത്യൻ വാഹനപ്രേമികളെ ബോധ്യപ്പെടുത്തി അവരെ ‘ജീപ്പി’ലേക്ക് ആകർഷിക്കാനാണു മാൻലിയുടെ ശ്രമം. ഇന്ത്യൻ എസ് യു വി വിപണിയിലെ പ്രീമിയം വിഭാഗത്തിലാവും ‘ജീപ്പി’ന്റെ സ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം 2014നെ അപേക്ഷിച്ച് 22% വളർച്ചയോടെ 12.40 ലക്ഷം വാഹനങ്ങളാണ് ആഗോളതലത്തിൽ ‘ജീപ്പ്’ വിറ്റത്. തുടർച്ചയായ ആറാം വർഷവും ‘ജീപ്പ്’ വിൽപ്പനയിൽ വർധന കൈവരിക്കാനായി എന്നതും ഫിയറ്റ് ക്രൈസ്ലറിന്റെ നേട്ടമാണ്. ഏഴു വർഷം മുമ്പ് 2009ൽ അന്നത്തെ ഫിയറ്റ് ‘ജീപ്പി’ന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ പ്രധാനമായും യു എസ് കേന്ദ്രീകൃതമായി മൂന്നു ലക്ഷത്തോളം യൂണിറ്റായിരുന്നു വാർഷിക വിൽപ്പന. കഴിഞ്ഞ വർഷമാവട്ടെ യു എസിൽ മാത്രം 8,65,028 ‘ജീപ്പാ’ണു കമ്പനി വിറ്റത്; മൊത്തം വിൽപ്പനയുടെ 70 ശതമാനത്തോളമായിരുന്നു യു എസിന്റെ സംഭാവന.