Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഡാക്കിലെ ജീപ്പ് വീട്, രഹസ്യം വെളിപ്പെടുത്തി സോനം വാങ്ചുക്

jeep Image Source: Twitter

ലഡാക്കിലെ ജീപ്പ് വീടിന്റെ ചിത്രം മഹീന്ദ്ര ചെയർമാൻ, ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതോടെ ലോകം മുഴുവൻ ആ ജീപ്പ് വീട് താരമായി മാറി.  ക്രീയേറ്റിവിറ്റി എന്നാൽ ഇതാണെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. വൈറലായി മാറിയ ആ പോസ്റ്റിനു ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകൻ സോനം വാങ്ചുക് തന്നെ ആകർഷകമായ മറുപടിയുമായി എത്തിയിരിക്കുന്നു. ജീപ്പിന്റെ പൂർവ്വകാല ചിത്രങ്ങളും അദ്ദേഹം ട്വീച്ച് ചെയ്തിട്ടുണ്ട്.

‘മിസ്റ്റർ ആനന്ദ് മഹീന്ദ്ര ഇത് വെറു ജീപ്പല്ല ലഡാക്കിലെ കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിച്ച വാഹനമാണെന്നാണാണ് ആനന്ദ് മഹീന്ദ്രയ്ക്ക് മറുപടിയായി സോനം വാങ്ചുക്കിന്റെ ട്വീറ്റ്. 1997 മുതൽ 2007 വരെ ലഡാക്കിന്റെ ഉൾഗ്രാമങ്ങളിൽ വിദ്യാഭ്യാസ പ്രചരണങ്ങളിൽ ആ ജീപ്പ്  പ്രധാന പങ്കുവഹിച്ചെന്നും അതിന്റെ ഫലമായി ലഡാക്കിലെ മെട്രിക്കുലേഷൻ റിസൽട്ട് 5 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർന്നുവെന്നുമാണ്' വാങ്ചുക്കിന്റെ കുറിപ്പ്. 

ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകനും എൻജിനീയറുമായ സോനം വാങ്ചുക്ക് നിരവധി കണ്ടുപിടുത്തങ്ങളിലൂടെ പ്രശസ്തനാണ്. അതിലേറ്റവും പുതിയതും ക്രിയേറ്റിവിറ്റിയുടെ  പൂർണതയുമായിരുന്നു ജീപ്പ് കൊണ്ടു നിർമിച്ച വീട്. പഴയ മഹീന്ദ്ര അർമദയായിരുന്നു വീടിന്റെ മേല്‍ക്കൂരയായി ഉപയോഗിച്ചത്. വീടിന്റെ വിവിധ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചു. പഴയൊരു വാഹനത്തെ മനോഹരമായി റീസൈക്കിൾ ചെയ്തിരിക്കുന്നു എന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ട എല്ലാവരും പറയുന്നത്. മഹീന്ദ്രയുടെ ബോഡിയാണ് വീടിന്റെ ബെഡ്റൂം. ഹിമാലയത്തിന്റ മനോഹരമായ വ്യൂ കിട്ടാൻ വലിയ ജനാലകളുള്ള ബെഡ്റൂം. അതിനു താഴെയായി മറ്റു റൂമുകൾ. എന്നിങ്ങനെ സൗകര്യങ്ങൾക്കു യാതൊരു കുറവുമില്ല ആ ജീപ്പ് വീട്ടിൽ. എന്തായാലും സോനം വാങ്ചുക്കിന്റെ മറുപടി പോസ്റ്റിനെ  കയ്യടികളും പ്രോത്സാഹനങ്ങളും കൊണ്ടുമൂടുകയാണ് സമൂഹമാധ്യമങ്ങൾ.