ഇന്ത്യയിൽ കാർ നിർമാണം ഉടനില്ലെന്നു ജഗ്വാർ ലാൻഡ് റോവർ

ടാറ്റ മോട്ടോഴ്സിന്റെ നിർമാണശാലകൾ വിദേശ രാജ്യങ്ങളിലേക്കു ചിറകു വിരിക്കുമ്പോഴും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന് ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങാൻ പദ്ധതികളില്ല. പ്രാദേശിക നിർമാണത്തെ സാധൂകരിക്കുന്ന വിപണിയായി ഇന്ത്യ വളർന്നിട്ടില്ലെന്നാണു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റാൾഫ് സ്പെത്തിന്റെ നിലപാട്.

പ്രാദേശികവൽക്കരണം എന്നത് പടിപടിയായുള്ള നടപടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ വാഹന നിർമാണം തുടങ്ങുന്നതു തീർച്ചയായും സാധ്യതയാണ്; എന്നാൽ ഇത് ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ വളർച്ചയെ ആശ്രയിച്ചിരിക്കും. പ്രീമിയം കാറുകളുടെ വിൽപ്പന പരിഗണിച്ചാൽ ഉൽപ്പാദനശാല സ്ഥാപിക്കാൻ പര്യാപ്തമായ വിപണിയായി ഇന്ത്യ വളർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഭ്യന്തര ഉൽപ്പാദനത്തിൽ അത്ഭുതകരമായ വളർച്ച കൈവരിക്കുകയും പ്രതിവർഷം 2.4 കോടി കാറുകൾ വിൽക്കുന്ന ചൈനീസ് വിപണിയുടെ അടുത്തെത്തുകയുമൊക്കെ ചെയ്താൽ ഇന്ത്യയിൽ ഉൽപ്പാദനശാല സ്ഥാപിക്കുന്ന കാര്യം ജെ എൽ ആർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ വളർച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമാവാൻ ജെ എൽ ആറിനു കഴിഞ്ഞിട്ടില്ലെന്നാണു കണക്കുകൾ തെളിയിക്കുന്നത്. ജർമൻ ബ്രാൻഡുകളായ ഔഡിക്കും മെഴ്സീഡിസ് ബെൻസിനും ബി എം ഡബ്ല്യുവിനുമൊക്കെ ആധിപത്യമുള്ള വിപണിയിൽ ജെ എൽ ആർ ഇപ്പോഴും നാമമാത്ര സാന്നിധ്യമാണ്.

എന്നാൽ ഉൽപന്ന ശ്രേണിയിലെ പരിമിതി പരിഗണിക്കുമ്പോൾ ഇപ്പോൾ ഇന്ത്യയിൽ നേടുന്ന വിൽപ്പന തൃപ്തികരമാണെന്നാണു സ്പെത്തിന്റെ അവകാശവാദം. സാന്നിധ്യമുള്ള വിഭാഗങ്ങളിൽ ജേതാക്കളാവാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം നയം വ്യക്തമാക്കുന്നു. നിലവിൽ വിദേശ നിർമിത കിറ്റുകൾ പുണെയിലെത്തിച്ചു സംയോജിപ്പിച്ചാണു ജെ എൽ ആർ മോഡലുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. ഇതിനു പകരം കാറുകൾ പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന കാര്യം അടുത്തൊന്നും പരിഗണനയിലില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.