ജഗ്വാർ ലാൻഡ് റോവറിൽ നിന്ന് സ്മാർട് ഫോണും

ആഗോളതലത്തിൽ അനുദിനം മുന്നേറുന്ന സ്മാർട് ഫോൺ വിപണിയിൽ ഇടം നേടാൻ ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവറും(ജെ എൽ ആർ) എത്തുന്നു. കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ ബുള്ളിറ്റ് ഗ്രൂപ്പുമായി സഹകരിച്ച് പുറത്തിറക്കുന്ന സ്മാർട് ഫോണുകളും അനുബന്ധ സാമഗ്രികളും അടുത്ത വർഷം ആദ്യത്തോടെ വിപണിയിലെത്തിക്കാനാണു ജഗ്വാർ ലാൻഡ് റോവറിന്റെ ശ്രമം.ലാൻഡ് റോവറിന്റെ ഐതിഹാസിക രൂപകൽപ്പനയും നൂതന സാങ്കേതിക വിദ്യയും ബുള്ളിറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കാനാണു ശ്രമമെന്ന് ജഗ്വാർ ലാൻഡ് റോവർ ലൈസൻസിങ് ആൻഡ് ബ്രാൻഡഡ് ഗുഡ്സ് ഡയറക്ടർ ലിൻഡ്സേ വീവർ വിശദീകരിച്ചു. ആവേശകരമായ വെല്ലുവിളിയും വമ്പൻ അവസരങ്ങളുമാണ് ഇത്തരമൊരു നീക്കത്തെ കാത്തിരിക്കുന്നതെന്നും വീവർ അഭിപ്രായപ്പെട്ടു.

മൊബൈൽ ഫോൺ രൂപകൽപ്പനയിൽ സഹകരിക്കാനായി പ്രത്യേക എൻജിനീയറിങ് — ഡിസൈൻ ടീമിനെ നിയോഗിക്കാനും ജഗ്വാർ ലാൻഡ് റോവർ തീരുമാനിച്ചിട്ടുണ്ട്. ലാൻഡ് റോവർ ബ്രാൻഡിലും ഉൽപന്ന മൂല്യങ്ങളിലും ഇടിവു തട്ടാത്ത ഫോണുകളും സംവിധാനങ്ങളും വികസിപ്പിക്കുകയാണു സംഘത്തിന്റെ ദൗത്യമെന്നും വീവർ വെളിപ്പെടുത്തി.അതേസമയം മൊബൈൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിസ്മയിപ്പിക്കുന്ന ശ്രേണിയാവും ലാൻഡ് റോവറുമായുള്ള പങ്കാളിത്തത്തിൽ വികസിപ്പിക്കുകയെന്നാണു ബുള്ളിറ്റ് ഗ്രൂപ്പിന്റെ നിലപാട്. വാണിജ്യപരമായി ബ്രാൻഡിനെ പുതിയ തലത്തിലേക്ക് ഉയർത്താൻ ഈ സഖ്യത്തിനു കഴിയുമെന്നും ഗ്രൂപ് കരുതുന്നു.

സാധാരണയിൽ നിന്നു മുന്നേറി പുതിയ വെല്ലുവിളികൾ നേരിടാൻ തന്റേടം കാട്ടുന്നവർക്കുള്ള ലൈഫ് സ്റ്റൈൽ പങ്കാളിയാവാൻ പോന്ന പുതു ശ്രേണിയാവും ഈ കൂട്ടുകെട്ടിൽ പിറക്കുകയെന്നും ബുള്ളിറ്റ് ഗ്രൂപ് അവകാശപ്പെടുന്നു. ലാൻഡ് റോവർ ബ്രാൻഡിന്റെ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത, പുതുമകളിലും സാങ്കേതികവിദ്യയിലും മുൻനിരയിലുള്ള ഈ സ്മാർട് ഫോൺ ശ്രേണി അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷ. ലാൻഡ് റോവർ പ്രതിനിധീകരിക്കുന്ന സവിശേഷതകളെല്ലാം സംഗമിക്കുന്ന ഫോണുകൾ ബ്രാൻഡിനെ ഇഷ്ടപ്പെടുന്നവർക്ക് അവഗണിക്കാനാവില്ലെന്നും ബുള്ളിറ്റ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പീറ്റർ സ്റ്റീഫൻസ് വ്യക്തമാക്കുന്നു.