ജെ എൽ ആറിന്റെ ആദ്യ വിദേശ ശാല ബ്രസീലിൽ തുറന്നു

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ ബ്രസീലിലെ നിർമാണശാല പ്രവർത്തനം ആരംഭിച്ചു. ബ്രിട്ടനു പുറത്ത് കമ്പനിയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന ആദ്യ കാർ നിർമാണ കേന്ദ്രമാണിത്. ആഗോള സമ്പദ്വ്യവസ്ഥകളിൽ ഒൻപതാം സ്ഥാനത്തുള്ള ബ്രസീലിലെ കാർ വിൽപ്പന കുത്തനെ ഇടിയുന്നതിനിടയിലാണു ജെ എൽ ആർ മുമ്പു പ്രഖ്യാപിച്ച നിർമാണശാല പ്രവർത്തനക്ഷമമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ബ്രസീലിൽ ഇറക്കുമതി ചുങ്കം കുത്തനെ ഉയർന്നതും കാറുകളിൽ പ്രാദേശിക നിർമിത ഘടകങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ കർശനമാക്കിയതുമൊക്കെയാണ് ആ രാജ്യത്തു നിർമാണശാല ആരംഭിക്കാൻ വിദേശ കമ്പനികളെ നിർബന്ധിതരാക്കിയത്. തുടർന്നു ജെ എൽ ആറിന്റെ എതിരാളികളായ ഫോക്സ്വാഗനും ജനറൽ മോട്ടോഴ്സുമൊക്കെ ബ്രസീലിൽ നിർമാണകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു.

ബ്രിട്ടനു പുറത്തു ജെ എൽ ആറിന്റെ ആദ്യ നിർമാണശാല 2014ൽ ചൈനയിലാണു പ്രവർത്തനം തുടങ്ങിയത്; എന്നാൽ ഇത് പ്രാദേശിക കമ്പനിയായ ചെറിയുമായുള്ള സംയുക്ത സംരംഭമായിരുന്നു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ആദ്യ വിദേശ ശാലയാണു റിയോഡി ജനീറോയ്ക്കടുത്ത് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. ലാൻഡ് റോവർ ‘ഡിക്സവറി സ്പോർട്’, ‘റേഞ്ച് റോവർ ഇവോക് സ്പോർട്’ എസ് യു വികളാണു ശാലയിൽ നിന്നു പുറത്തിറങ്ങുക. വാർഷിക ഉൽപ്പാദന ശേഷി 24,000 യൂണിറ്റ് ആണെങ്കിലും ഇക്കൊല്ലത്തെ ഉൽപ്പാദനം 10,000 യൂണിറ്റ് പിന്നിടില്ലെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ബ്രസീൽ മികച്ച വളർച്ച കൈവരിച്ചിരുന്ന 2013ലാണ് ജെ എൽ ആർ 35 കോടി ഡോളർ (2351.49 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചത്. എന്നാൽ പലിശ നിരക്ക് ഉയർത്തുകയും ഉപയോക്താക്കളുടെ വിശ്വാസം ഇടിയുകയും രാഷ്ട്രീയ അനിശ്ചിതത്വം നേരിടുകയുമൊക്കെ ചെയ്തതോടെ തുടർന്നുള്ള വർഷങ്ങളിൽ ബ്രസീലിലിന്റെ വളർച്ച കുത്തനെ ഇടിഞ്ഞു; വാഹന വിൽപ്പനയിലും ഗണ്യമായ തിരിച്ചടി നേരിട്ടു.

ഇക്കൊല്ലം ബ്രസീലിലെ കാർ വിൽപ്പന 21 ലക്ഷം യൂണിറ്റിലൊതുങ്ങാനാണു സാധ്യത. സാഹചര്യം അനുകൂലമായിരുന്ന 2012ൽ 38 ലക്ഷം കാർ വിറ്റ സ്ഥാനത്താണിത്. എങ്കിലും കഴിഞ്ഞ ജനുവരി — മേയ് കാലത്തു ബ്രസീലിലെ വിൽപ്പനയിൽ 11% വളർച്ചയുണ്ടെന്നാണ് ജെ എൽ ആറിന്റെ കണക്ക്. സാമ്പത്തിക പ്രതിസന്ധി പ്രീമിയം വിഭാഗത്തെ ബാധിച്ചിട്ടില്ലെന്നാണു ജെ എൽ ആർ ബ്രസീൽ പ്രോജക്ട് ഡയറക്ടർ ജൂലിയൻ ഹെതറിങ്ടന്റെ വിലയിരുത്തൽ. പോരെങ്കിൽ ബ്രസീൽ വിപണിയിൽ പ്രീമിയം വിഭാഗത്തിന്റെ വിഹിതത്തിൽ വർധന രേഖപ്പെടത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം ലോകവ്യാപകമായി അഞ്ചു ലക്ഷത്തോളം കാറുകളാണു ജെ എൽ ആർ വിറ്റത്. മോഡൽ ശ്രേണി വിപുലീകരിച്ച് 2020 ആകുമ്പോഴേക്ക് 10 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനവും വിൽപ്പനയുമാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി സ്ലൊവാക്യയിൽ പുതിയ നിർമാണശാല സ്ഥാപിക്കാനുള്ള നടപടികളം പുരോഗതിയിലാണ്.