ക്ലാസിക് ലുക്കുമായി കാവസാക്കി ഡബ്ല്യു 800

Kawasaki W800

ക്ലാസിക് ലുക്കുള്ള ബൈക്കുകൾക്ക് എന്നും വിപണിയിൽ മികച്ച പ്രതികരണമാണ്. പഴമയെ അനുസ്മരിപ്പിക്കുന്ന രൂപവും പുതിയ സാങ്കേതിക വിദ്യകളുമായി എത്തുന്ന ബൈക്കുകൾ വിപണിയിൽ ധാരാളമുണ്ട്. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ബ്രിട്ടീഷ് ഇരുചക്രവാഹന നിർമാതാക്കളായ ട്രയംഫിന്റെ ബോൺവില്ല.

രാജ്യാന്തര വിപണിയിൽ ബൈക്ക് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ബോൺവില്ലയ്ക്ക് ഇന്ത്യയിലും ആരാധകർ കുറവല്ല. ബോൺവില്ലയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തെ പിൻപറ്റി കാവസാക്കിയും മിഡിൽ വെയിറ്റ് ക്യാറ്റഗറിയിൽ ക്ലാസിക് ലുക്കുള്ള ബൈക്കുമായി എത്തുന്നു. 2011 ൽ രാജ്യാന്തര വിപണിയിലുള്ള ഡബ്ല്യു 800 എന്ന ബൈക്കിനെയാണ് കാവസാക്കി ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നത്. അതിനായി കഴിഞ്ഞ ഒക്ടോബറിൽ രാജ്യന്തര വിപണിയിലെത്തിയ പുതിയ ഡബ്ല്യു 800 ഇന്ത്യയിലെത്തിച്ചു പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

1967 മുതൽ 1975 വരെ കാവസാക്കി പുറത്തിറക്കിയ ഡബ്ല്യു സീരിസ് ബൈക്കുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഡബ്ല്യു 800 നിർമിച്ചിരിക്കുന്നത്. 773 സിസി എൻജിനുമായി എത്തുന്ന ബൈക്കിന് 70 ബിഎച്ച്പി കരുത്തും 44 ബിഎച്ച്പി ടോർക്കുമുണ്ട്. ഈ വർഷം തന്നെ പുറത്തിറങ്ങുമെന്ന് കരുതുന്ന ബൈക്കിന് ഏകദേശം എട്ടു ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്.