ടയർ നിർമാണം: 350 കോടി മുടക്കാൻ കെശോറാം ഇൻഡസ്ട്രീസ്

ഖനനത്തിനുള്ള ഭൂമിക്കും ടയർ വ്യാപാര വികസനത്തിനുമായി ഇക്കൊല്ലം 600 കോടി രൂപ നിക്ഷേിക്കുമെന്നു ബി കെ ബിർല ഗ്രൂപ്പിൽപെട്ട കെശോറാം ഇൻഡസ്ട്രീസ്. സിമന്റ്, ടയർ വ്യവസായങ്ങളെയാണ് 2016 — 17ലെ നിക്ഷേപത്തിനായി കമ്പനി തിരഞ്ഞെടുത്തിരിക്കുന്നതെന്നു കെശോറാം ഇൻഡസ്ട്രീസ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ ത്രിദിബ് കുമാർ ദാസ് വാർഷിക പൊതുയോഗത്തിനു ശേഷം അറിയിച്ചു. അനാരോഗ്യം മൂലം ചെയർമാൻ ബി കെ ബിർല വാർഷിക പൊതുയോഗത്തിനെത്തിയില്ല; പകരം എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ മഞ്ജുശ്രീ ഖൈത്താനായിരുന്നു യോഗത്തിന്റെ അധ്യക്ഷ.

ബാലാസോറിലെ കാർ റേഡിയൽ ടയർ നിർമാണശാലയ്ക്കുള്ള 300 കോടി രൂപയടക്കം മൊത്തം 350 കോടി രൂപയാണു കമ്പനി ടയർ വ്യവസായത്തിൽ നിക്ഷേപിക്കുക. പ്രതിവർഷം കാറുകൾക്കുള്ള 29 ലക്ഷം റേഡിയൽ ടയർ നിർമിക്കാൻ ശേഷിയുള്ള ശാല ഏപ്രിലിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു സജ്ജമാവുമെന്നു ദാസ് അറിയിച്ചു. ഇതുവരെ 500 കോടി രൂപ മുടക്കിയ പദ്ധതിയിൽ ഇക്കൊല്ലം 300 കോടി രൂപ കൂടി നിക്ഷേപിക്കാനാണു കമ്പനി ഒരുങ്ങുന്നത്. കർണാടകത്തിലെ വാസവ്ദത്തയിലുള്ള സിമന്റ് ഫാക്ടറി പരിസരത്ത് ഖനനത്തിനുളള ഭൂമി ഏറ്റെടുക്കാൻ 250 കോടി രൂപയാണു കമ്പനി നീക്കിവച്ചിരിക്കുന്നത്. അടുത്ത 20 വർഷത്തെ പ്രവർത്തനത്തിന് ആവശ്യത്തിനുള്ള ഖനന ഭൂമി ഇപ്പോൾ തന്നെ കമ്പനിയുടെ പക്കലുണ്ട്. എങ്കിലും കൂടുതൽ ഭൂമി സ്വന്തമാക്കാനാണു കമ്പനിയുടെ തീരുമാനമെന്നു ദാസ് വിശദീകരിച്ചു.

സിമന്റിനുള്ള ആവശ്യം പ്രതീക്ഷിച്ചതു പോലെ ഉയർന്നില്ലെന്നതു യാഥാർഥ്യമാണെങ്കിലും ഈ മേഖല വളർച്ച കൈവരിക്കുമെന്നു തന്നെയാണു പ്രവചനങ്ങൾ. വികസനത്തിനുള്ള പണം ഏതു മാർഗത്തിൽ കണ്ടെത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ദാസ് വ്യക്തമാക്കി. ഓഹരി വിൽപ്പനയും കടമെടുപ്പും കമ്പനിയുടെ സജീവ പരിഗണനയിലുണ്ട്. സ്വതന്ത്ര നിലയിൽ പ്രവർത്തനം ആരംഭിച്ച ടയർ പ്ലാന്റിനു സ്ഥിരത കൈവരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ദാസ് വെളിപ്പെടുത്തി. അതേസമയം, റയോൺ വ്യവസായത്തിന്റെ ഓഹരി വിൽപ്പന പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു.