കിയ ഇന്ത്യൻ പ്ലാന്റ്: സ്ഥാന നിർണയം അടുത്ത മാസം

ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന നിർമാണശാലയുടെ നടപടികൾ അന്തിമഘട്ടത്തിലേക്ക്. മിക്കവാറും അടുത്ത മാസത്തോടെ ഇന്ത്യയിലെ ആദ്യ നിർമാണശാലയ്ക്കുള്ള സ്ഥലം സംബന്ധിച്ചു തീരുമാനമാവുമെന്നാണു സൂചന.

ഇന്ത്യൻ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സപ്ലയർ ശൃംഖല പ്രയോജനപ്പെടുത്താനാണു ദക്ഷിണ കൊറിയയിൽ നിന്നുള്ള കിയ മോട്ടോഴ്സിന്റെ പദ്ധതി. 2019-ൽ പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന ശാലയുടെ വാർഷിക ഉൽപ്പാദനശേഷി മൂന്നു ലക്ഷത്തോളം വാഹനങ്ങളാവും.‌‍‌

പുതിയ ബിസിനസ് സാധ്യത തേടിയുള്ള അന്വേഷണത്തിലാണു വാഹന നിർമാണത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് — കിയ സഖ്യം ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നത്. മാത്രമല്ല 2015-ലെ വിൽപ്പന ലക്ഷ്യം നേടുന്നതിൽ സഖ്യം പരാജയപ്പെടുകയും ചെയ്തു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇതാദ്യമായാണു കമ്പനി വിൽപ്പനലക്ഷ്യം കൈവരിക്കാതെ പോകുന്നത്. ചൈന, റഷ്യ, ബ്രസീൽ തുടങ്ങിയ പ്രധാന വിപണികളിലെ ദൗർബല്യം മൂലം കഴിഞ്ഞ ജനുവരി — ജൂൺ കാലത്തെ വിൽപ്പനയിലും സഖ്യത്തിനു രണ്ടു ശതമാനത്തോളം ഇടിവു നേരിട്ടിട്ടുണ്ട്.

പുതിയ ശാലയ്ക്കായി കിയ മോട്ടോഴ്സ് നടത്തുന്ന നിക്ഷേപം എത്രയാവുമെന്നു വ്യക്തമല്ല. ഇന്ത്യയിൽ ഏതൊക്കെ മോഡലുകളാവും കമ്പനി നിർമിക്കുകയെന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മൂന്നു സ്ഥലങ്ങളാണു ശാലയ്ക്കായി കിയ പരിഗണിക്കുന്നത്; ഓഗസ്റ്റിൽ സ്ഥലനിർണയം നടത്തി സെപ്റ്റംബറോടെ മോഡൽ ശ്രേണി പ്രഖ്യാപിക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നാണു സൂചന.

കിയ ശാലയ്ക്കായി ആന്ധ്രപ്രദേശും മഹാരാഷ്ട്രയും ഗുജറാത്തുമാണു സജീവമായി രംഗത്തുള്ളത്. നിലവിൽ ഹ്യുണ്ടേയിയുടെ ശാലകൾ തമിഴ്നാട്ടിലായതിനാൽ അയൽപക്കത്തുള്ള ആന്ധ്രപ്രദേശിനു പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ.