കിയ ഇന്ത്യയിലേയ്ക്ക്

Kia Soul

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സും ഇന്ത്യയിലേക്ക്. ജന്മനാടായ കൊറിയയ്ക്കു പുറമെ യൂറോപ്പിലും ചൈനയിലും യു എസിലുമൊക്കെ നിലവിൽ കിയയുടെ കാറുകൾ വിൽപ്പനയ്ക്കുണ്ട്. 2020ൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാവുമെന്നു കരുതുന്ന ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണു കിയ മോട്ടോഴ്സ്. കോംപാക്ട് എസ് യു വിയായ ‘സ്പോട്ടേജ്’, ക്രോസ്ഓവറായ ‘സോൾ’, ഹാച്ച്ബാക്കായ ‘റിയോ’ തുടങ്ങിയവയാണു കിയ മോട്ടോഴ്സ് ശ്രേണിയിലെ പ്രധാന മോഡലുകൾ. ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനുള്ള പ്രാഥമിക നടപടി കമ്പനി സ്വീകരിച്ചെന്നാണു സൂചന. ഇന്ത്യയിൽ അവതരിപ്പിക്കേണ്ട മോഡലുകളെക്കുറിച്ചും യന്ത്രഘടകങ്ങൾ ലഭ്യമാക്കുന്ന സപ്ലയർമാരെക്കുറിച്ചുമുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

Kia Rio

ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലെ ശാലയുടെ ശേഷി വിനിയോഗം ഏറെക്കുറെ പൂർത്തിയായതിനാൽ ഹ്യുണ്ടേയിയും ഇന്ത്യയിൽ പുതിയ നിർമാണശാലയുടെ സാധ്യത പരിശോധിക്കുന്നുണ്ട്. പുതിയ മോഡലുകളുടെ നിർമാണത്തിനായി കയറ്റുമതി നിയന്ത്രിക്കേണ്ട അവസ്ഥയിലാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ. അതുകൊണ്ടുതന്നെ കിയയുടെ ശാല വഴി ലഭിക്കുന്ന അധിക ഉൽപ്പാദനശേഷി മാതൃസ്ഥാപനമായ ഹ്യുണ്ടേയിയും പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം 30 ലക്ഷത്തോളം വാഹനം വിറ്റ കിയ ഇന്ത്യൻ വിപണി പ്രവേശത്തെപ്പറ്റി ഏറെ നാളായി ആലോചിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ കമ്പനി വിമുഖത കാട്ടുകയായിരുന്നു. ചൈനയിൽ നടപ്പാക്കുന്ന വികസനപദ്ധതികളും ഇന്ത്യൻ വാഹന വിപണി അഭിമുഖീകരിച്ച മാന്ദ്യവുമൊക്കെ കിയ മോട്ടോഴ്സിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവണം.

Kia Sportage

വരുന്ന രണ്ടു മൂന്നു വർഷത്തിനകം കിയയുടെ കാറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണ് പുതിയ സൂചനകൾ. ശാലയ്ക്കുള്ള സ്ഥലം തിരഞ്ഞെടുത്തശേഷം കമ്പനി കാർ നിർമാണത്തിനുള്ള വിവിധ അനുമതികൾ നേടണം. ആഗോളതലത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ പ്രാദേശിക നിർമിത ഘടകങ്ങളുടെ വിഹിതം ഉയർത്തിയാൽ മാത്രമേ മത്സരക്ഷമമായ വിലകളിൽ ഇവ വില്ക്കാനാവൂ എന്ന വെല്ലുവിളിയും കിയയെ കാത്തിരിപ്പുണ്ട്. മറ്റു വിപണികളിലെ പോലെ വ്യത്യസ്ത വിപണന ശൃംഖല സ്ഥാപിച്ചാവും ഇന്ത്യയിലും കിയയുടെ കാർ വിൽപ്പന. വിപണനത്തിൽ ഹ്യുണ്ടേയിയുമായി പ്രത്യക്ഷത്തിൽ ബന്ധം പുലർത്താറില്ലെന്ന തത്വം ഇന്ത്യയിലും കിയ തുടരുമെന്നാണു സൂചന. അതേസമയം, അസംസ്കൃത വസ്തു സമാഹരണവും സപ്ലയർമാരെ കണ്ടെത്തലും പോലുള്ള പശ്ചാത്തല മേഖലകളിൽ ഹ്യുണ്ടേയിക്ക് ഇന്ത്യയിലുള്ള പരിചയ സമ്പത്ത് കിയ പ്രയോജനപ്പെടുത്തുകയും ചെയ്യും. ലോജിസ്റ്റിക്സ് രംഗത്തും ഹ്യുണ്ടേയുമായി കിയ സഹകരിക്കാൻ സാധ്യതയുണ്ട്.