കേരള നിരത്തു വാഴാൻ ഇനി സൗരോർജ റിക്ഷയും

സൗരോർജത്തിൽ നിന്നു കരുത്തു കണ്ടെത്തുന്ന ഓട്ടോ റിക്ഷകൾ കേരള നിരത്തു വാഴാനെത്തുന്നു. ‘ഹംരാഹി’ എന്നു പേരിട്ട ത്രിചക്ര സൗരോർജ റിക്ഷയുടെ രൂപകൽപ്പന നിർവഹിച്ചത് ജോർജ്കുട്ടി കരിയാനപ്പള്ളിയാണ്. ലോഹിയ ഓട്ടോ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ ലൈഫ്വേ സോളാർ നിർമിച്ച വൈദ്യുത ഓട്ടോ റിക്ഷകൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. ഗതാഗത കമ്മിഷണറിൽ നിന്നുള്ള അനുമതിയാണ് ‘ഹംരാഹി’ക്കു ലഭിക്കാനുണ്ടായിരുന്നത്. ഈ എട്ടു മുതൽ ‘ഹംരാഹി’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തും.

മറ്റു സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും ഇതാദ്യമായാവും ‘ഇ റിക്ഷ’ കേരളത്തിലെ നിരത്തുകളിൽ ഓട്ടം തുടങ്ങുന്നത്. ഒരു വർഷം വാറന്റിയോടെയാണു ‘ഹംരാഹി’യുടെ വരവ്; മോട്ടോറിനു തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം പുതിയതു മാറ്റി നൽകുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. സൗരോർജത്തിൽ ഓടുന്ന ‘ഹംരാഹി’ക്ക് 1.75 ലക്ഷം രൂപയാണു വില; ബാറ്ററിയിൽ ഓടുന്ന വകഭേദത്തിനാവട്ടെ 1.50 ലക്ഷം രൂപയും. റിക്ഷയുടെ മേൽക്കൂരയിൽ സ്ഥാപിച്ച സോളാർ പാനലിലൂടെയാണു സൗരോർജം സംഭരിക്കുക; ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള മേൽക്കൂരയിൽ 250 വാട്ട്സ് ശേഷിയുള്ള സോളാർ പാനലാണു വിന്യസിച്ചിരിക്കുന്നത്. സൂര്യപ്രകാശം ലഭ്യമല്ലാത്ത വേളയിൽ വൈദ്യുതി ഉപയോഗിച്ചും ‘ഹംരാഹി’യിലെ ബാറ്ററി റീചാർജ് ചെയ്യാം; പൂർണ തോതിൽ ചാർജ് ചെയ്യാൻ ആറു മണിക്കൂർ വേണമെന്നാണു കണക്ക്. അഞ്ചു പേർക്കു യാത്രാസൗകര്യമുള്ള ‘ഇ റിക്ഷ’യ്ക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 80 കിലോമീറ്റർ വരെ ഓടാനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം.