കെഎസ്ആർടിസിയുടെ വോൾവോ ബസുകൾ കട്ടപ്പുറത്ത്

ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിനൂവൽ മിഷന്‍ (ജെന്‍‌റോം) പദ്ധതി പ്രകാരമാണ് കെഎസ്ആർടിസിക്ക് ഏസി വോൾവോ ബസുകൾ ലഭിച്ചത്. ലക്ഷങ്ങൾ മുടക്കി പുറത്തിറക്കിയ വോൾവോ ബസുകൾ ഇപ്പോൾ കട്ടപ്പുറത്ത്. സ്പെയർ‌ പാർട്സ് വാങ്ങിയ വകയിൽ വോൾ‌വോയ്ക്ക് നൽകാനുള്ള പണം കുടിശിക വരുത്തിയതിനാലാണ് ബസുകൾ ഉപയോഗശൂന്യമായിരിക്കുന്നത്.

കേരളാ അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന കെ.യു.ആര്‍.ടി.സിയുടെ 46 വോള്‍വോ ബസ്സുകളാണ് കട്ടപ്പുറത്തു‌‌‌ള്ളത്. 11 ​എണ്ണം തിരുവനന്തപുരത്തെയും 35 ബസുക‌‌‌‌‌‌‌‌‌ൾ എറണാകുളത്തേയും ഡിപ്പോക‌‌ളിൽ കിടന്ന് ന‌ശിക്കുകയാ‌ണ്. കെഎസ്ആർടിസി ഈ അടുത്ത് വാങ്ങിയ സ്കാനിയ ബസുകളുടേ സ്ഥിതിയും മ‌റിച്ചല്ല. 20 സ്കാനിയ ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി. ട്രെയ്‌നിങ് സെന്ററിലും പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലുമായി ഒതുക്കിയിട്ടിരിക്കുന്നത്.

ഇന്ത്യയിലെ നഗരങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കെഎസ്ആർടിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് സ്വകാര്യ മേഖലയുമായി മത്സരിക്കുന്നതിനുമാണ് ജെൻറോം പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്. രണ്ടു ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളാണ് തുടക്കത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നഗരത്തിൽ സർവീസ് നടത്തുന്നതിനു വേണ്ടി അത്യാധുനിക ബസുകൾ സൗജന്യമായി പൊതുമേഖലാ സ്ഥാപനങ്ങൾക്കു നൽകും. ബസുകളുടെ നടത്തിപ്പ് മാത്രമാണ് പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യത.