ക്വിഡിൽ പ്രതീക്ഷയർപ്പിച്ചു റെനോ

ഇക്കൊല്ലം തന്നെ ഇന്ത്യൻ കാർ വിപണിയിൽ നാലു ശതമാനം വിഹിതം നിലനിർത്താനാവുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കു പ്രതീക്ഷ. ചെറുകാറായ ‘ക്വിഡ്’ തകർപ്പൻ വിജയം കൊയ്തതോടെ കഴിഞ്ഞ ജനുവരി — മാർച്ച് ത്രൈമാസത്തിൽ തന്നെ റെനോ ഇന്ത്യയുടെ വിപണി വിഹിതം 4.1% ആയി ഉയർന്നിട്ടുണ്ട്. മാർച്ചിലെ മാത്രം വിൽപ്പന പരിഗണിച്ചാൽ വിപണി വിഹിതം 4.9 ശതമാനത്തോളമെത്തുമെന്നാണു കമ്പനിയുടെ അവകാശവാദം. ഈ വർഷം മുഴുവൻ ഈ നിലവാരം നിലനിർത്താനാവുമെന്നാണു പ്രതീക്ഷയെന്നു റെനോ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) റഫേൽ ട്രെഗ്യുവെർ വെളിപ്പെടുത്തി. വിപണിയുടെ പ്രതികരണം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ഇന്ത്യയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യം വർഷാവസാനത്തോടെ തന്നെ കൈവരിക്കാനാവുമെന്നും റെനോ കരുതുന്നു. 2017 അവസാനത്തോടെ ഇന്ത്യയിൽ അഞ്ചു ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണു റെനോ മുമ്പ് ലക്ഷ്യമിട്ടിരുന്നത്.

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ യൂറോപ്യൻ ബ്രാൻഡായിരുന്നു റെനോ; ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം കമ്പനി താരതമ്യേന പുതുമുഖങ്ങളായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് റെനോയ്ക്ക് ഇന്ത്യൻ വിപണിയിൽ രണ്ടു ശതമാനത്തോളം വിഹിതം മാത്രമാണുണ്ടായിരുന്നത്. അതേസമയം 2014നെ അപേക്ഷിച്ച് കാർ വിൽപ്പനയിൽ 20% വളർച്ച കൈവരിക്കാനും റെനോയ്ക്കു കഴിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിലെ കാർ നിർമാതാക്കളിൽ എട്ടാം സ്ഥാനം സ്വന്തമാക്കാനും കമ്പനിക്കായി. കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ന്റെ പരിഷ്കരിച്ച പതിപ്പിനു വിപണിയിൽ മികച്ച വരവേൽപ് ലഭിച്ചെന്നാണു ട്രെഗ്യുവെറിന്റെ വിലയിരുത്തൽ. നിലവിൽ മാസം തോറും 2,000 ‘ഡസ്റ്റർ’ വിൽക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ചെറുകാറായ ‘ക്വിഡ്’ കൈവരിച്ച തകർപ്പൻ വിൽപ്പനയാണു റെനോയുടെ പ്രതീക്ഷകളെ കടത്തിവെട്ടിയത്. നിലവിൽ പ്രതിമാസം ഒൻപതിനായിരത്തിലേറെ ‘ക്വിഡ്’ ആണു കമ്പനി വിൽക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ റെനോ കൈവരിക്കുന്ന മൊത്തം വിൽപ്പനയിൽ 60 ശതമാനത്തിലേറെ ‘ക്വിഡി’ന്റെ വിഹിതമാണ്.

അടുത്ത മാസത്തോടെ ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കു ‘ക്വിഡ്’ കയറ്റുമതി തുടങ്ങാനും റെനോ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പിന്നാലെ ബ്രസീലിലും ഇന്ത്യൻ നിർമിത ‘ക്വിഡ്’ വിൽപ്പനയ്ക്കെത്തും. ഈ വർഷം തന്നെ ശേഷിയേറിയ, ഒരു ലീറ്റർ എൻജിൻ ഘടിപ്പിച്ച മോഡലും ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള വകഭേദവും അവതരിപ്പിക്കാനും റെനോ തയാറെടുക്കുന്നുണ്ട്.