പാരിസിലേക്കില്ലെന്നു ലംബോർഗിനിയും ബെന്റ്ലിയും

അടുത്ത ആഴ്ച നടക്കുന്ന പാരിസ് മോട്ടോർ ഷോയിൽ പങ്കെടുക്കുന്നില്ലെന്നു ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട സൂപ്പർ കാർ ബ്രാൻഡുകളായ ബെന്റ്ലിയും ലംബോർഗിനിയും. ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജി ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയതിനെ തുടർന്നു പ്രഖ്യാപിച്ച ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഇരു ബ്രാൻഡുകളും പ്രശസ്തമായ പാരിസ് മോട്ടോർ ഷോയിൽ നിന്നു വിട്ടുനിൽക്കുന്നത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ നിരോധിത സോഫ്റ്റ്‌വെയർ ഘടിപ്പിച്ചെന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ സ്ഥിരീകരിച്ചത്.

ഇതേത്തുടർന്നു നേരിട്ട കനത്ത നഷ്ടപരിഹാര ബാധ്യതകളും വരുമാന ഇടിവുമൊക്കെ അതിജീവിക്കാനാണു ഗ്രൂപ് കർശനമായ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.
ഫോക്സ്വാഗൻ ഗ്രൂപ്പിലെ ഈ ആഡംബര ബ്രാൻഡുകൾക്കു പുറമെ യു എസിൽ നിന്നുള്ള ഫോഡ് മോട്ടോർ കമ്പനിയും സ്വീഡിഷ് നിർമാതാക്കളായ വോൾവോയും ബ്രിട്ടീഷ് സ്പോർട്സ് കാർ ബ്രാൻഡായ ആസ്റ്റൻ മാർട്ടിനുമൊന്നും ഇക്കുറി പാരിസിലെത്തുന്നില്ല. സെപ്റ്റംബർ 29നും 30നും നടക്കുന്ന പാരിസ് ഷോയിലേക്കില്ലെന്നു ബെന്റ്ലി തിങ്കളാഴ്ചയാണു വ്യക്തമാക്കിയത്. തിരക്കേറിയ പാരിസ് മോട്ടോർ ഷോ ഉപേക്ഷിച്ചു പകരം ചെറുകിട പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ പദ്ധതി. ഒപ്പം ഭാവി ഇടപാടുകാരെ നേരിട്ടു സമീപിക്കാനും ബെന്റ്ലിക്കു പരിപാടിയുണ്ട്.

വിപണന തന്ത്രങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഓട്ടോ ഷോകളിലെ സാന്നിധ്യം പൊളിച്ചെഴുതുന്നതെന്നാണു ബെന്റ്ലിയുടെ നിലപാട്. സാന്നിധ്യം ഉറപ്പാക്കേണ്ട പരിപാടികൾ സംബന്ധിച്ചു പുനഃർവിചിന്തനം നടത്തുകയാണെന്നും ഇറ്റാലിയൻ ആഡംബര കാർ ബ്രാൻഡായ ലംബോർഗ്‌നി വിശദീകരിക്കുന്നു.കടുത്ത മത്സരം അതിജീവിക്കാനായി ദശലക്ഷക്കണക്കിനു യൂറോ ചെലഴിച്ചാണ് ആഡംബര കാർ ബ്രാൻഡുകൾ വിവിധ രാജ്യങ്ങളിലെ വാഹന പ്രദർശനങ്ങളിൽ സജീവസാന്നിധ്യമാവുന്നത്. പാരിസിൽ ആർഭാടം വെട്ടിച്ചുരുക്കി കാറുകൾ പ്രദർശിപ്പിച്ചും വാഹന രൂപകൽപ്പനയെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലൂടെയും സന്ദർശനശ്രദ്ധ കവരാനാണ് ഫോക്സ്വാഗന്റെ നീക്കം. പ്രതിസന്ധികൾ പാർശ്വൽക്കരണത്തിലേക്കു നയിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒപ്പം ചുവടുമാറ്റത്തിനും കൂടുതൽ മികച്ചതിലേക്കുള്ള വഴി തിരിയാനുള്ള അവസരവും സമ്മാനിക്കുമെന്നു കഴിഞ്ഞ ദിവസം ചേർന്ന ജീവനക്കാരുടെ യോഗത്തിൽ ചീഫ് എക്സിക്യൂട്ടീവ് മത്തിയാസ് മ്യുള്ളർ അഭിപ്രായപ്പെട്ടിരുന്നു. പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ലാഭക്ഷമത ഉയർത്താനുമായി ഗ്രൂപ്പിൽ പുനഃസംഘടന ആവശ്യമാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.