വൈദ്യുത സ്പോർട്സ് കാറും സാധ്യത: ലംബോർഗ്നി

ആഡംബര സ്പോർട്സ് കാർ ശ്രേണിയിൽ വൈദ്യുത മോഡലുകൾ അവതരിപ്പിക്കാനുള്ള സാധ്യത പരിഗണനയിലാണെന്ന് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗ്നി. മലിനീകരണ വിമുക്തമായ വാഹനങ്ങൾ യാഥാർഥ്യമാക്കാൻ ലംബോർഗ്നി ഉടമസ്ഥരും ജർമൻ വാഹന നിർമാതാക്കളുമായ ഫോക്സ്വാഗൻ ഗ്രൂപ് തീവ്രശ്രമം നടത്തുന്നുണ്ട്. ഫോക്സ്വാഗന്റെ ഈ പുതിയ താൽപര്യം മുന്തിയ ബ്രാൻഡുകളോളം നീളുമെന്നതിന്റെ സൂചനയാണു വൈദ്യുത സ്പോർട്സ് കാറിനെക്കുറിച്ചുള്ള ലംബോർഗ്നി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റാഫാനൊ ഡൊമനിസിലിയുടെ പ്രഖ്യാപനം.

അര നൂറ്റാണ്ടിലേറെയായി കരുത്തേറിയ, നിലം പറ്റിയിരിക്കുന്ന രൂപമുള്ള സ്പോർട്സ് കാറുകൾ മാത്രം നിർമിച്ചിരുന്ന ലംബോർഗ്നി പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ഉറുസി’ലൂടെ പരമ്പരാഗത സങ്കൽപ്പനങ്ങൾ പൊളിച്ചെഴുതാനുള്ള തയാറെടുപ്പിലാണ്. വർഷാവസാനത്തോടെ ഇറ്റലിയിലെ സന്ത് അഗത ബൊളോണീസിലെ കമ്പനി ആസ്ഥാനത്ത് ‘ഉറുസ്’ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. അടുത്ത വർഷം രണ്ടാം പകുതിയിലാവും എസ് യു വി വിൽപ്പനയ്ക്കെത്തുക.

വൈദ്യുതവൽക്കരണം കമ്പനി ഏറെ പ്രാധാന്യം നൽകുന്ന മേഖലയാണെന്നു ഡൊമനിസിലി വിശദീകരിച്ചു. എന്നാൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ഈ മേഖലയിൽ കാര്യമായ പുരോഗതി കൈവരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടപടികൾ യാഥാർഥ്യബോധത്തോടെയാവണമെന്നും 2025നു മുമ്പ് ബാറ്ററിയിൽ ഓടുന്ന ലംബോർഗ്നി പുറത്തെത്താനുള്ള സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹാൻഡ്ലിങ്, ഭാരം, പ്രകടനക്ഷമത തുടങ്ങിയ മേഖലകളിൽ സൂപ്പർ കാറിന്റെ സവിശേഷതകൾ വൈദ്യുത മോഡലിലും നിലനിർത്തുകയെന്നതാണു വെല്ലുവിളി. എങ്കിലും ‘ഉറുസി’ന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദം 2020നുള്ളിൽ നിരത്തിലെത്തിക്കാനാണു ലംബോർഗ്നിയുടെ ശ്രമം.