‘ഉറുസ്’ വരുന്നു; ഉൽപ്പാദനം ഇരട്ടിയാക്കാൻ ലംബോഗിനി

പുത്തൻ ആഡംബര സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ വിൽപ്പനയ്ക്കെത്തുന്നതോടെ 2019ലെ വാർഷിക ഉൽപ്പാദനം ഇരട്ടിയോളമായി ഉയരുമെന്ന് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി. എസ് യു വി അവതരണത്തിനു ശേഷവും കമ്പനി സ്പോർട് കാർ നിർമാണത്തിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലംബോർഗ്നി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റെഫാനൊ ഡൊമിനിസലി വ്യക്തമാക്കി. സൂപ്പർ കാറുകളുടെ വാർഷിക ഉൽപ്പാദനം 3,500 യൂണിറ്റിൽ പരിമിതപ്പെടുത്താനാണു ലംബോർഗ്നിയുടെ തീരുമാനം.

സ്പോർട്സ് യൂട്ടിലിറ്റി വാഹന നിർമാണത്തിലും ഇതേ പരിധി പാലിക്കാനാണു കമ്പനിയുടെ നീക്കം. എന്നാൽ ആവശ്യമേറിയാൽ കൂടുതൽ എസ് യു വി ഉൽപ്പാദനം വർധിപ്പിക്കുമെന്ന് ഫോക്സ്‌വാഗൻ ഗ്രൂപ്പിലെ പെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ഉടമസ്ഥതയിലുള്ള ലംബോർഗ്നി വെവളിപ്പെടുത്തി. ‘ഉറുസ്’ 2018ൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ; രണ്ടു ലക്ഷം ഡോളർ(1.34 കോടി രൂപ) നിലവാരത്തിലാവും വാഹന വില.
എസ് യു വി വിൽപ്പനയിൽ 3,500 യൂണിറ്റോ അതിലധികമോ എന്ന നിലവാരം കൈവരിക്കാൻ കമ്പനി തീവ്രശ്രമം നടത്തുമെന്നു ഡൊമിനിസലി വ്യക്തമാക്കി.യു എസിൽ നിന്നാണ് കമ്പനി ‘ഉറുസി’ന് ഏറ്റവുമധികം ആവശ്യക്കാരെ പ്രതീക്ഷിക്കുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾക്കു തുടക്കമിടുന്ന മോഡലാവും ‘ഉറുസ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലംബോർഗ്നിയുടെ ആഗോളതലത്തിലെ ഡീലർഷിപ്പുകളുടെ എണ്ണം 132ൽ നിന്ന് 160 ആയി ഉയർത്തുമെന്നു ഫെബ്രുവരിയിൽ കമ്പനി സി ഇ ഒ ആയി ചുമതലയേറ്റ ഡൊമിനിസലി അറിയിച്ചു. നിലവിൽ കമ്പനിയുടെ പ്രധാന വിപണിയായ യു എസിലാണ് 30 ശതമാനത്തോളം ഡീലർഷിപ്പുകളും പ്രവർത്തിക്കുന്നത്; യു എസിൽ നിന്നാണു കമ്പനി മൊത്തം വിൽപ്പനയുടെ 30 ശതമാനത്തോളം നേടുന്നതും. കഴിഞ്ഞ വർഷം 3,245 യൂണിറ്റുമായി റെക്കോഡ് വിൽപ്പനയാണു ലംബോർഗ്നി നേടിയത്; ഇതിൽ ആയിരത്തോളം എണ്ണം കമ്പനി യു എസിലാണു വിറ്റത്.
ഇറ്റലിയിലെ ബൊളോണീസിലുള്ള സന്ത്അഗത ശാലയിലാവും ലംബോർഗ്നിയുടെ ‘ഉറുസ്’ എസ് യു വി പിറവിയെടുക്കുക.

പുതിയ വാഹനം യാഥാർഥ്യമാക്കാൻ ലംബോർഗ്നി കോടിക്കണക്കിനു യൂറോ വാരിയെറിയുമെന്നാണു പ്രതീക്ഷ. ഈ എസ് യു വിക്കായി 500 പുതിയ ജീവനക്കാരെ നിയമിക്കാനും സന്ത്അഗത ശാലയുടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനും ലംബോർഗ്നിക്കു പദ്ധതിയുണ്ട്. പുത്തൻ എസ് യു വി നിർമാണം ഏറ്റെടുക്കാനായി ശാലയുടെ വിസ്തീർണം നിലവിലുള്ള 80,000 ചതുരശ്ര മീറ്ററിൽ നിന്ന് ഒന്നരലക്ഷം ചതുരശ്ര മീറ്ററായി ഉയർത്തും. പുതിയ പ്രൊഡക്ഷൻ ലൈൻ, വെയർഹൗസ് എന്നിവ സ്ഥാപിക്കുന്നതിനൊപ്പം ഗവേഷണ, വികസന വിഭാഗവും വിപുലീകരിക്കും. എസ് യു വി നിർമാണം തുടങ്ങുന്നതോടെ ലംബോർഗ്നി സപ്ലയർമാർക്ക് ഇറ്റലിയിലും ആഗോളതലത്തിലും കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുമെന്നാണു പ്രതീക്ഷ.