ലംബോർഗ്നി ഉറാകാൻ എൽപി580-2 ഇന്ത്യയിൽ, വില 2.99 കോടി രൂപ

ലംബോഗ്നി ഹുറകാൻ എൽപി580-2 ലംബോഗ്നി ഇന്ത്യ മേധാവി പവൻ ഷെട്ടി, മാർക്കറ്റിങ് ആന്റ് പിആർ മേധാവി ജൂലി തുടങ്ങിയവർ ചേർന്ന് നിർവ്വഹിക്കുന്നു

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗ്നിയുടെ ‘ഹുറാകാന്റെ’ റിയർ വീൽ ഡ്രൈവ് വകഭേദം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 2.99 കോടി രൂപയാണ് ‘എൽ പി 580 — 2’ കാറിന്റെ ഡൽഹിയിലെ ഷോറൂം വില. ‘ഗയാഡോ’യുടെ പിൻഗാമിയായി നിരത്തിലെത്തിയ ‘ഹുറാകാൻ’ തുടക്കത്തിൽ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലാണു വിൽപ്പനയ്ക്കുണ്ടായിരുന്നത്. ഒരു വർഷം മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ ഈ മോഡലിന് 3.43 കോടി രൂപയായിരുന്നു വില.

പുതിയ ‘ഹുറാകാൻ’ വകഭേദത്തിനു കരുത്തേകുന്നത് 5.2 ലീറ്റർ, വി 10 എൻജിനാണ്; 8,000 ആർ പി എമ്മിൽ പരമാവധി 580 ബി എച്ച് പി കരുത്തും 6,500 ആർ പി എമ്മിൽ 540 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, എൽ ഡി എഫ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണു കാറിലുള്ളത്. മൊത്തം 1,389 കിലോഗ്രാം ഭാരമുള്ള, കൂപ്പെയായ ‘ഹുറാകാൻ’ വെറും 3.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് ലംബോർഗ്നിയുടെ വാഗ്ദാനം.

ആഗോളതലത്തിൽ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ‘ഹുറാകാൻ എൽ പി 580 — 2’ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്ന് ലംബോർഗ്നി ഇന്ത്യ മേധാവി പവൻ ഷെട്ടി അഭിപ്രായപ്പെട്ടു. ആവേശകരമായ യാത്ര അനുവഭവം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് കാറിന്റെ വരവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മോഡലിൽ നിന്നു വേറിട്ടു നിൽക്കാനായി കാഴ്ചയിൽ ചില്ലറ പരിഷ്കാരങ്ങളോടെയാണ് ഈ ‘ഹുറാകാൻ’ എത്തുന്നത്. മുൻഭാഗത്തെ എയർ ഇൻടേക്കുകൾ പരിഷ്കരിച്ചതിനൊപ്പം കാറിന്റെ പിന്നിൽ പുതിയ സ്പോയ്ലർ ലിപ്പും ഇടംപിടിച്ചു.

പവർ മാനേജ്മെന്റ് സെറ്റപ് പുതുക്കിയതും സസ്പെൻഷൻ പരിഷ്കരിച്ചതും സ്റ്റീയറിങ് സെറ്റപ് പരിഷ്കരിച്ചതും സ്റ്റെബിലിറ്റി, ട്രാക്ഷൻ കൺട്രോൾ സംവിധാനങ്ങൾ പുതുക്കി കാലിബ്രേറ്റ് ചെയ്തതുമൊക്കെയാണു മറ്റു മാറ്റങ്ങൾ. കോടികൾ വിലമതിക്കുന്ന കാറിന്റെ ഇന്ധനക്ഷമതയെപ്പറ്റി ആരും ആകാംക്ഷ പ്രകടിപ്പിക്കാനിടയില്ല. അതുകൊണ്ടുതന്നെ സാധാരണ കാറുകളുടെ ഇന്ധന ക്ഷമത ‘കിലോമീറ്റർ പെർ ലിറ്റർ’ വ്യവസ്ഥയിൽ അവതരിപ്പിക്കുമ്പോൾ ഈ ‘ഹുറാകാൻ’ നൽകുന്ന ഇന്ധനക്ഷമത ലംബോർഗ്നി പറയുന്നത് ഇപ്രകാരമാണ്: 100 കിലോമീറ്റർ ഓടാൻ 11.9 ലീറ്റർ(അതായത് ലീറ്ററിന് 8.4 കിലോമീറ്റർ).