ലംബോർഗ്നി വിൽപ്പന ഇതാദ്യമായി 3,000 പിന്നിട്ടു

ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടോമൊബിലി ലംബോർഗ്നിയുടെ വാർഷിക വിൽപ്പന ഇതാദ്യമായ 3,000 യൂണിറ്റിലേറെയായി. 2015 ജനുവരി — ഡിസംബർ കാലത്താണ് 3,245 വാഹനങ്ങൾ ഉടമസ്ഥർക്കു കൈമാറി കമ്പനി പുതിയ ചരിത്രം സൃഷ്ടിച്ചത്. വാഹന വിൽപ്പനയടക്കം വ്യാപാര സംബന്ധമായ കണക്കെടുപ്പിലെല്ലാം പുതിയ ഉയരങ്ങൾ കീഴടക്കാൻ കമ്പനിക്കു കഴിഞ്ഞെന്ന് ഓട്ടോമൊബിലി ലംബോർഗ്നി അവകാശപ്പെട്ടു. കഴിഞ്ഞ വർഷം അവതരിപ്പിച്ച പുതിയ മോഡലുകളുടെ പിൻബലത്തിൽ ഇക്കൊല്ലവും മികച്ച പ്രകടനം ആവർത്തിക്കാനാവുമെന്ന് ഓട്ടോമൊബിലി ലംബോർഗ്നി എസ് പി എ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റീഫൻ വിങ്കെൽമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ 2014നെ അപേക്ഷിച്ച് 28% വളർച്ചയാണ് കമ്പനി കൈവരിച്ചത്. 2014ൽ 2,530 കാറുകളായിരുന്നു ലംബോർഗ്നി വിറ്റത്. 2010ൽ കൈവരിച്ച വിൽപ്പനയുമായി താരതമ്യം ചെയ്താൽ രണ്ടര ഇരട്ടിയുടെ വളർച്ചയാണു കമ്പനി 2015ൽ കൈവരിച്ചത്.

ആഗോളതലത്തിൽ പ്രധാന മേഖലകളിലെല്ലാ വിൽപ്പന ഉയർന്നതായി വിങ്കെൽമാൻ വിശദീകരിച്ചു; അമേരിക്കയിലെയും ഏഷ്യ പസഫിക്കിലെയും വിൽപ്പനയിൽ കമ്പനി പുതിയ റെക്കോഡും സൃഷ്ടിച്ചു. യു എസും ഗ്രേറ്റർ ചൈനയുമാണു ലംബോർഗ്നിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപണികളെന്നും അദ്ദേഹം വെളിപ്പെടുത്തി. ജപ്പാൻ, യു കെ, മധ്യ പൂർവ രാജ്യങ്ങൾ, ജർമനി തുടങ്ങിയ വിപണികളാണു തുടർന്നുള്ള സ്ഥാനങ്ങളിൽ; ഈ രാജ്യങ്ങളിലെ വിൽപ്പനയിലും മികച്ച വളർച്ച നേടാനായെന്നു കമ്പനി അവകാശപ്പെട്ടു. പുതിയ കാറായ, 10 സിലിണ്ടർ എൻജിനുള്ള ‘ഹുറാകാൻ എൽ പി 610 — 4’ മികച്ച വിൽപ്പനയാണു കൈവരിച്ചതെന്നും ലംബോർഗ്നി വിലയിരുത്തുന്നു. പൂർണതോതിൽ വിൽപ്പന ആരംഭിച്ച ശേഷമുള്ള ആദ്യ വർഷം 2,242 ‘ഹുറാകാൻ’ ആണ് ലംബോർഗ്നി ഉടമകൾക്കു കൈമാറിയത്.