ആഡംബര എസ് യു വി: നിർമാണം തുടങ്ങിയെന്നു ലംബോർഗ്നി

പുതിയ ആഡംബര സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി) നിർമാണത്തിനു തുടക്കം കുറിച്ചതായി ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി. 2018ലാവും ലംബോർഗ്നിയുടെ എസ് യു വി ലോക വിപണികളിൽ വിൽപ്പനയ്ക്കെത്തുക. കഴിഞ്ഞ ബെയ്ജിങ് ഓട്ടോഷോയിലാണ് എസ് യു വി കൺസപ്റ്റായ ‘ഉറുസ്’ ലംബോർഗ്നി പ്രദർശിപ്പിച്ചത്.

ഇറ്റലിയിലെ ബൊളോണീസിലുള്ള സന്ത്അഗത ശാലയിലാവും ലംബോർഗ്നിയുടെ എസ് യു വി പിറവിയെടുക്കുക. പുതിയ വാഹനം യാഥാർഥ്യമാക്കാൻ ലംബോർഗ്നി കോടിക്കണക്കിനു യൂറോ വാരിയെറിയുമെന്നാണു പ്രതീക്ഷ.

ലംബോർഗ്നിയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണിതെന്നായിരുന്നു കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റെഫാൻ വിൻകെൽമാന്റെ പ്രതികരണം. സുസ്ഥിരവും ഉറപ്പുള്ളതുമായ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം പുതുയുഗപ്പിറവിക്കുള്ള നാന്ദി കൂടിയാണ് ഈ മൂന്നാം മോഡൽ നിരയുടെ വരവെന്ന് അദ്ദേഹം കരുതുന്നു. ലോകത്തിനു മുന്നിൽ ഇറ്റാലിയൻ നിർമാണവൈഭവം വെളിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ എസ് യു വി ബൊളോണീസിലെ സന്ത്അഗത ശാലയിൽ നിന്നു പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുത്തൻ എസ് യു വി നിർമാണം ഏറ്റെടുക്കുന്നതോടെ ശാലയുടെ വിസ്തീർണം ഇപ്പോഴത്തെ 80,000 ചതുരശ്ര മീറ്ററിൽ നിന്ന് ഒന്നരലക്ഷം ചതുരശ്ര മീറ്ററായി ഉയർത്തും. പുതിയ പ്രൊഡക്ഷൻ ലൈൻ, വെയർഹൗസ് എന്നിവ സ്ഥാപിക്കുന്നതിനൊപ്പം ഗവേഷണ, വികസന വിഭാഗവും വിപുലീകരിക്കും. എസ് യു വി നിർമാണം തുടങ്ങുന്നതോടെ ലംബോർഗ്നി സപ്ലയർമാർക്ക് ഇറ്റലിയിലും ആഗോളതലത്തിലും കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുമെന്നാണു പ്രതീക്ഷ. എസ് യു വിക്കായി 500 പുതിയ ജീവനക്കാരെ നിയമിക്കാനും ലംബോർഗ്നിക്കു പദ്ധതിയുണ്ട്.

പുതിയ എസ് യു വിയുമായി യു എസ്, ചൈന, മധ്യപൂർവ ദേശങ്ങൾ, യു കെ, ജർമനി, റഷ്യ എന്നീ വിപണികൾ കീഴടക്കാനാണു ലംബോർഗ്നി ലക്ഷ്യമിടുന്നത്. പ്രതിവർഷം 3,000 എസ് യു വിയാണു ലംബോർഗ്നി പ്രതീക്ഷിക്കുന്ന വിൽപ്പന; ഇതു സാധ്യമായാൽ കമ്പനിയുടെ മൊത്തം വിൽപ്പന ഇപ്പോഴത്തേതിന്റെ ഇരട്ടിയായും ഉയരും.