‘ഡിസ്കവറി സ്പോർട്’ എത്തുന്നു സെപ്റ്റംബർ 2ന്

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ലാൻഡ് റോവർ ‘ഡിസ്കവർ’ ശ്രേണിയിൽ പുറത്തിറക്കുന്ന പുതുമുഖമായ ‘ഡിസ്കവറി സ്പോർട്’ അവതരണസജ്ജമായി. സെപ്റ്റംബർ രണ്ടിനു നിശ്ചയിച്ചിരിക്കുന്ന ഔപചാരിക അരങ്ങേറ്റത്തിനു മുന്നോടിയായി രാജ്യത്തെ ലാൻഡ് റോവർ ഡീലർഷിപ്പുകൾ പുതിയ പ്രീമിയം എസ് യു വിക്കുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. വിദേശ നിർമിത കിറ്റുകൾ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിച്ചു സി കെ ഡി വ്യവസ്ഥയിൽ വിൽപ്പനയ്ക്കെത്തുന്ന ‘ഡിസ്കവറി സ്പോർട്ടി’ന്റെ എതിരാളികൾ ‘ഔഡി ക്യു ഫൈവ്’, ‘ബി എം ഡബ്ല്യു ക്യു ത്രീ’, വോൾവോ എക്സ് സി 60’ തുടങ്ങിയവയാണ്.

കുടുംബങ്ങളെ കൂടി ലക്ഷ്യമിടുന്നതിനാൽ അഞ്ചും ഏഴും സീറ്റുകളോടെ ‘ഡിസ്കവറി സ്പോർട്’ വിൽപ്പനയ്ക്കുണ്ടാവും. 212 എം എം ഗ്രൗണ്ട് ക്ലിയറൻസും മറ്റുമുള്ളതിനാൽ ക്രോസ്ഓവറിലുപരി പൂർണതോതിലുള്ള എസ് യു വിയുടെ സുഖസൗകര്യങ്ങളാണ് ‘ഡിസ്കവറി സ്പോർട്ടി’ൽ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നത്. നിരത്ത് വിലയിരുത്തി റൈഡ് ഹൈറ്റ്, സസ്പെൻഷൻ, സ്റ്റെബിലിറ്റി/ട്രാക്ഷൻ കൺട്രോൾ സെറ്റിങ്, ത്രോട്ടിൽ ഇൻപുട്ട് എന്നിവയൊക്കെ സ്വയം ക്രമീകരിക്കുന്ന ടെറെയ്ൻ റസ്പോൺസ് സംവിധാനം സഹിതമാണു ‘ഡിസ്കവറി സ്പോർട്ടി’ന്റെ വരവ്.

‘ഡിസ്കവറി സ്പോർട്ടി’നു കരുത്തേകുന്നത് 2.2 ലീറ്റർ, നാലു സിലിണ്ടർ, ടി ഡി ഫോർ, എസ് ഡി ഫോർ ഡീസൽ എൻജിനുകളാണ്; ആറു സ്പീഡ് മാനുവൽ, ഒൻപതു സ്പീഡ് ഓട്ടമാറ്റിക് (സെഡ് എഫ്) ഗീയർബോക്സുകളാണ് ട്രാൻസ്മിഷൻ സാധ്യതകൾ. പരമാവധി 150 പി എസ് കരുത്തും 400 എൻ എം ടോർക്കുമാണ് ടി ഡി ഫോർ എൻജിൻ സൃഷ്ടിക്കുക; എസ് ഡി ഫോർ എൻജിനാവട്ടെ പരമാവധി 190 പി എസ് കരുത്തും 420 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. അതേസമയം ഫോർ വീൽ ഡ്രൈവോടെ എത്തുന്ന ‘ഡിസ്കവറി സ്പോർട്ടി’ന് ഇന്ത്യയിൽ ഏത് എൻജിനാവും കരുത്തേകുകയെന്നു നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല.

സാഹസികത ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ‘ഡിസ്കവറി സ്പോർട്ടി’ന്റെ വരവെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് രോഹിത് സൂരി അറിയിച്ചു. ലാൻഡ് റോവറിൽ നിന്നുള്ള സമാനതകളില്ലാത്ത ഫോർ വീൽ ഡ്രൈവ് സാങ്കേതികവിദ്യയുടെ പിൻബലവും പുതിയ എസ് യു വിയുടെ പ്രകടനം അവിസ്മരണീയമാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പര്യവേഷണങ്ങളും കണ്ടെത്തലുകളും ഇഷ്ടപ്പെടുന്നവർക്കുള്ള ഉത്തമ പങ്കാളിയാവും സെപ്റ്റംബറിൽ ഇന്ത്യയിലെത്തുന്ന ‘ഡിസ്കവറി സ്പോർട്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.