ഇങ്ങനെയും ഒരു ഫയർ എൻജിൻ !

മണിമുഴക്കി പോകുന്ന വലിയ രൂപമുള്ള ചുവന്ന വാഹനങ്ങൾ എന്നും അഗ്നിശമന സേനയുടെ മുഖ മുദ്രയാണ്. ഫയർ എൻജിനുകൾ എന്ന ഒാമനപേരുള്ള ഈ വാഹനങ്ങളുടെ വലിപ്പത്തിന് മാറ്റം വരികയാണ്. പല രൂപത്തിലും ഭാവത്തിലും വിവിധ ഉപയോഗത്തിനുമായി നിര‍വധി വൈവിധ്യമാർന്ന ഫയർ ട്രക്കുകളാണ് ഇന്നു നിലവിലുള്ളത്.

സിംഗപ്പൂരിലെ ഫയർഫോഴ്സിന് അത്യാധുനിക മുഖം നൽകുകയാണ് അവിടുത്തെ സർക്കാർ. ഹോപ്പ് ടെക്നിക്ക് എന്ന കമ്പനി രൂപം നൽകിയ കോംപാക്റ്റ് അഗ്നിശമന വാഹനമാണ് സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സ് സ്വന്തമാക്കിയത്. ചെറുതും എന്നാൽ വലിയൊരു ഫയർ ട്രക്കിനെക്കാൾ ഉപയോഗക്ഷമവുമാണ് ഇവ എന്നാണ് വാഹനത്തിന്റെ നിർമാതാക്കൾ പറയുന്നത്. നഗരത്തിലെ ഇടുങ്ങിയ സ്ഥലത്തും പ്രവേശിക്കാനാവും എന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എൽഎഫ്5 ജി എന്ന് പേരിട്ടിരിക്കുന്നത് വാഹനം ഇസൂസു ഡി-മാക്സ് പിക്കപ്പിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ വാഹനത്തിന്റെ കംപ്രസ്ഡ് എയർ ഫോം സിസ്റ്റം വലിയ ട്രക്ക് അണക്കുന്നതിനേക്കാൾ തീ അണയ്ക്കുമെന്നും കമ്പനി പറയുന്നു. നാലു പേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിൽ അടിയന്തിര വൈദ്യസഹായം നൽകാനുള്ള ഉപകരണങ്ങളുമുണ്ടാകും. കൂടാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എൽഎഫ്5 ജിക്ക് പ്രവർത്തനക്ഷമമാകാൻ സാധിക്കും. ഡി-മാക്സിന്റെ 2.5 ലിറ്റർ ടർബോ ബൂസ്റ്റ് എൻജിൻ തന്നെയാണ് എൽ എഫ്5 ജിയിലും, 163 ബിഎച്ച്പി കരുത്തുണ്ട്.