എഫ് വൺ ടീമുകൾക്ക് ഓഹരി വിൽക്കാൻ ലിബർട്ടി മീഡിയ

മത്സരിക്കുന്ന ടീമുകൾക്കു നൽകാനായി ഫോർമുല വണ്ണിന്റെ പുതിയ ഉടമസ്ഥരായ ലിബർട്ടി മീഡിയ ഓഹരികൾ നീക്കിവച്ചു. കൈമാറ്റ നടപടി പൂർത്തിയായാലുടൻ മത്സരരംഗത്തുള്ള ടീമുകൾ കമ്പനിയിൽ ഓഹരി വാങ്ങാൻ സന്നദ്ധരാവുമെന്ന പ്രതീക്ഷയിലാണ് 40 കോടി ഡോളറി(ഏകദേശം 2725.07 കോടി രൂപ)ന്റെ ഓഹരികൾ ലിബർട്ടി മീഡിയ നീക്കിവച്ചിരിക്കുന്നത്. ഫോർമുല വണ്ണിൽ നിക്ഷേപിക്കാൻ ടീമുകൾക്കും അവസരം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ലിബർട്ടി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്രെഗ് മാഫെയുടെ പ്രതികരണം. ഫോർമുല വണ്ണിന്റെ വാണിജ്യപരമായ വളർച്ചയ്ക്കും പ്രേക്ഷകശ്രദ്ധ വർധിപ്പിക്കാനുമായി ടീമുകളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക വിനോദത്തിൽ നിക്ഷേപത്തിനു വിവിധ ടീമുകൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഫോർമുല വൺ ചെയർമാൻ ചെയ്സ് കാരി അറിയിച്ചു. അതേസമയം നിലവിലെ വ്യവസ്ഥകൾ പാലിച്ച് ഫോർമുല വണ്ണിൽ നിക്ഷേപിക്കാൻ ടീമുകൾക്ക് താൽപര്യമില്ലെന്നാണു ജർമൻ മാധ്യമങ്ങൾ നൽകുന്ന സൂചന. വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലാതെയും കുറഞ്ഞത് 10 വർഷം ഓഹരി പങ്കാളിത്തം നിലനിർത്തണമെന്ന വ്യവസ്ഥയോടെയുമാണത്രെ ലിബർട്ടി മീഡിയ ടീമുകൾക്ക് ഓഹരി വിൽക്കാൻ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഫോർമുല വണ്ണിന്റെ ഭാവി നിർണയിക്കുന്നതിലോ വിപണനത്തിലോ പങ്കാളിത്തമില്ലാതെ ഓഹരികൾ വാങ്ങുന്നത് ആകർഷകമല്ലെന്നാണു മുൻനിര ടീമുകളുടെ വിലയിരുത്തൽ. അതേസമയം സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട ടീമുകളായ സേബറും ഫോഴ്സ് ഇന്ത്യയുമൊക്കെ ധനലഭ്യത സൃഷ്ടിക്കുന്ന, ബജറ്റ് സംബന്ധമായ പരിമിതികളിൽ കുരുങ്ങിക്കിടപ്പാണ്; കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തെത്തിയ മാനർ ടീമാവട്ടെ കടബാധ്യത മൂലം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമാണ്.

അതിനിടെ കൈമാറ്റ നടപടി പൂർത്തിയായി ആറു മാസത്തിനകം ടീമുകൾക്കുള്ള വിൽപ്പന സാധ്യമായില്ലെങ്കിൽ നീക്കിവച്ച ഓഹരികൾ പിൻവലിക്കുമെന്നാണു ലിബർട്ടിയുടെ നിലപാട്. ഫോർമുല വണ്ണിന്റെ വാണിജ്യ അവകാശം ലിബർട്ടി മീഡിയയ്ക്കു കൈമാറുന്ന നടപടി ഈ മാസം പൂർത്തിയാവുമെന്നാണു പ്രതീക്ഷ.ഓഹരികളുടെ പർച്ചേസ് വിലയായ 21.26 ഡോളർ(ഏകദേശം 1448.38 രൂപ) നിലവാരത്തിൽ തന്നെ കമ്പനി ഓഹരികൾ ഫോർമുല വണ്ണിൽ മത്സരിക്കുന്ന ടീമുകൾക്കു കൈമാറാമെന്നാണു ലിബർട്ടിയുടെ വാഗ്ദാനം. ഓഹരിയുടെ ഇപ്പോഴത്തെ വിപണി വിലയായ 28 ഡോളറി(1907.55 രൂപ)നെ അപേക്ഷിച്ചു താഴ്ന്ന നിലവാരമാണിതെന്നും കമ്പനി വാദിക്കുന്നു.

അതിനിടെ ഫോർമുല വൺ ഏറ്റെടുക്കാനുള്ള ലിബർട്ടി മീഡിയയുടെ നീക്കത്തെ കഴിഞ്ഞ ദിവസം രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) അംഗീകരിച്ചിരുന്നു. യു എസ് കേബിൾ ടി വി രാജാവായ ജോൺ മലോണിയുടെ നിയന്ത്രണത്തിലുള്ള ലിബർട്ടി മീഡിയ പ്രൈവറ്റ് ഇക്വിറ്റി സംരംഭമായ സി വി സി പാർട്ണേഴ്സിൽ നിന്നാണു ഫോർമുല വണ്ണിന്റെ വിപണനാവകാശം സ്വന്തമാക്കിയത്. എഫ് വണ്ണിനെ നിയന്ത്രിച്ചിരുന്ന സി വി സിയുടെ പക്കലുണ്ടായിരുന്ന 18.7% ഓഹരികളാണു കമ്പനി കഴിഞ്ഞ വർഷം ഏറ്റെടുത്തത്.