ലോട്ടസിന്റെ അതിവേഗ കാർ

Elise Cup 250

നിരത്തിലുള്ളതിലേക്കും വേഗമേറിയ കാറുമായി ബ്രിട്ടീഷ് നിർമാതാക്കളായ ലോട്ടസ്; ‘എലിസ് കപ് 250’ എന്നു പേരിട്ട കാറിന് മണിക്കൂറിൽ 154 മൈൽ(247.839 കിലോമീറ്റർ) ആണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. പോരെങ്കിൽ ‘എലിസ് കപ് 250’ വെറും 3.9 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 60 മൈൽ(96.56 കിലോമീറ്റർ) വേഗത്തിലേക്കു കുതിക്കുമെന്നും ലോട്ടസ് കാഴ്സ് വ്യക്തമാക്കുന്നു. ലംബോർഗ്നിയുടെയോ ടെസ്ലയുടെയോ പ്രകടനത്തോടു താരതമ്യപ്പെടുത്തിയാൽ ‘എലിസ് കപ്പി’ന്റെ പ്രകടനം അമ്പരപ്പിക്കുന്നതല്ലെങ്കിലും വാഹനം ഇടംപിടിക്കുന്നത് ‘റോഡ് കാർ’ ഗണത്തിലാണ് എന്നതാണു ശ്രദ്ധേയം. മുൻഗാമിയെ അപേക്ഷിച്ച് 46 പൗണ്ട് ഭാരക്കുറവോടെ 2,052 പൗണ്ട്(930.77 കിലോഗ്രാം) ആണ് ‘എലിസ് കപ് 250’ കാറിന്റെ ഭാരം; ബെന്റ്ലി ‘കോണ്ടിനെന്റലു’മായി താരതമ്യം ചെയ്താൽ ആ കാറിന്റെ ഭാരത്തിന്റെ പകുതിയോളം വരുമിത്.

Elise Cup 250

മെച്ചപ്പെട്ട സ്ഥിരയ്ക്കായി കാറിന്റെ മധ്യത്തിൽ ഘടിപ്പിച്ച 1.8 ലീറ്റർ, നാലു സിലിണ്ടർ , ഫ്യുവൽ ഇഞ്ചക്റ്റഡ്, സൂപ്പർ ചാർജ്ഡ് എൻജിന് പരമാവധി 243 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. സ്പോർട് ഡാംപറും കാലിപറുമായെത്തുന്ന കാറിൽ ട്രാക്കിന് യോജിച്ച രീതിയിൽ ട്യൂൺ ചെയ്ത ആന്റി ലോക്ക് ബ്രേക്ക് (എ ബി എസ്) സംവിധാനവും ലോട്ടസ് ലഭ്യമാക്കുന്നുണ്ട്. അകത്തളങ്ങളിൽ ആരംഭാടം കാട്ടുന്നതു ലോട്ടസിന്റെ രീതിയല്ല; എങ്കിലും കാറിലെ ആലകാന്ററ സീറ്റിൽ ചുവപ്പ്, കറുപ്പ് നിറങ്ങളും ലതറിലേക്കു മാറാനുള്ള അവസരവും ലഭ്യമാണ്. സട്ട്ൽ ഗ്രേ അടക്കം 10 വർണ സാധ്യതകളോടെ ലഭിക്കുന്ന കാറിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഹാലജൻ ഹെഡ്ലൈറ്റുമുണ്ടാവും. അതേസമയം എയർ കണ്ടീഷനിങ്, ക്രൂസ് കൺട്രോൾ എന്നിവയ്ക്കൊക്കെ അധിക വില നൽകേണ്ടി വരും.

Elise Cup 250

യു കെ അടക്കമുള്ള വിപണികളിൽ വൈകാതെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന കാറിനു പ്രതീക്ഷിക്കുന്ന വില 65,200 ഡോളർ(ഏകദേശം 44.704 ലക്ഷം രൂപ) ആണ്. ഭാരം കുറഞ്ഞ ലിതിയം അയോൺ ബാറ്ററിയും കാർബൺ ഫൈബർ സീറ്റുകളും ഫോർജ്ഡ് അലോയ് വീലുമൊക്കെയായി വരുന്ന ‘കാർബൺ ഏറോ പായ്ക്ക്’ ഓപ്ഷന് സാധാരണ ‘എലിസ് കപി’നെ അപേക്ഷിച്ച് 10 കിലോഗ്രാം ഭാരക്കുറവുമുണ്ട്. ഹാർഡ് ടോപ് ഓപ്ഷനുള്ള റോഡ്സ്റ്ററായി വിൽപ്പനയ്ക്കെത്തുന്നു എന്നതും ‘ലോട്ടസ് എലിസ് കപ് 250’കാറിന്റെ പുതുമയാണ്. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഇക്കൊല്ലം 200 കാറുകൾ മാത്രമാണു നിർമിച്ചു വിൽക്കുകയെന്നും ലോട്ടസ് പ്രഖ്യാപിച്ചിട്ടുണ്ട്.